മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Friday, October 20, 2006

എമണ്ടക്കന്‍ സാധനം

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു ബാച്ചിലര്‍ ദിനം...

വൈകീട്ട്‌ ഓഫീസില്‍നിന്ന് വന്ന് വീടിന്റെ അടുത്തുള്ള പെട്ടിക്കടയുടെ മുന്നില്‍ ഞാനും എന്റെ സഹമുറിയനായ എബിയും നില്‍ക്കുന്നു. ഫുഡിന്റെ കാര്യത്തില്‍ എന്നെപ്പോലെത്തന്നെ ആക്രാന്തപ്പുലിയായ എന്റെ കൂട്ടുകാരനും....

'നല്ല വിശപ്പ്‌... ഏത്തപ്പഴം അങ്ങ്‌ ട്‌ കാച്ചാം ല്ലെ..?' ഞാന്‍ എന്റെ ഒരു അഭിപ്രായം പറഞ്ഞു. പറഞ്ഞുതീരുന്നതിനുമുന്‍പ്‌ പഴക്കുലയില്‍ നിന്ന് മുന്തിയ ഒരെണ്ണം പറിച്ചെടുത്ത്‌ 'പിന്നെന്താ...' എന്നുള്ള മറുപടി. ഞാനും ഒരെണ്ണം എടുത്തു.

ഞാന്‍ ആ പീടികയ്ക്ക്‌ അഭിമുഖമായും എബി എനിക്ക്‌ അഭിമുഖമായി നില്‍ക്കുന്നു.

ആ സമയത്താണ്‌ കുറച്ച്‌ (അല്ല, കുറച്ച്‌ അധികം) വണ്ണമുള്ള ഒരു ആന്റി (അമ്മായി എന്നും വിളിക്കാം) കടയില്‍ എന്തോ വാങ്ങാനായി വന്ന് എബിയുടെ പിന്നില്‍ നിന്നത്‌. എനിക്ക്‌ അറിയാതെ ചിരിവന്നു. (അല്ല, എബിയുടെ ശരീരവും ആ മങ്കയുടെ ഇടിമുട്ടന്‍ ദേഹവും കണ്മുന്നില്‍ ഒരു കമ്പാരിസണ്‍...)

ഞാന്‍ ചിരിക്കുന്ന കണ്ട്‌ എബി വിചാരിച്ചത്‌ അവന്റെ കൈയ്യിലിരിക്കുന്ന ആ ഏത്തപ്പഴത്തിന്റെ തലയെടുപ്പ്‌ കണ്ടിട്ടാണെന്നാണ്‌.

'എമണ്ടക്കന്‍ സാധനം ല്ലെ...???' എബിയുടെ പുഞ്ചിരിച്ചുകൊണ്ടുള്ള ചോദ്യം...

ഞാനൊന്നു ഞെട്ടി. 'ദൈവമെ... ആ ആന്റിയെങ്ങാനും കേട്ടാല്‍.. കൈയ്യൊന്ന് വീശിയാല്‍.... എബി ഒടിഞ്ഞു മടങ്ങി അപ്പുറത്തെ പാടത്ത്‌ കിടക്കുന്ന കാഴ്ച എന്റെ മനസ്സിലൂടെ ഫാസ്റ്റ്‌ ഫോര്‍വേര്‍ഡ്‌ അടിച്ചുപോയി.

കൂടുതലായി അവന്‍ നാവ്‌ വളച്ച്‌ വല്ലതും മൊഴിയുന്നതിനു മുന്‍പായി ഞാന്‍ അവന്റെ കൈ പിടിച്ച്‌ അല്‍പം നീക്കി നിര്‍ത്തി.

'ഒന്ന് തിരിഞ്ഞു നോക്കടാ ഗഡീ നിന്റെ ആയുസ്സിന്റെ വലുപ്പം അറിയണമെങ്കില്‌' എന്നുപറഞ്ഞ്‌ കേട്ട്‌ തിരിഞ്ഞു നോക്കിയ എബിയുടെ കണ്ഠത്തില്‍ നിന്ന് ഒരു ഇടറിയ ശബ്ദം പുറത്തുവന്നു.

('എമണ്ടക്കന്‍' അഥവാ 'വളരെ വലുപ്പമുള്ളത്‌')

Wednesday, October 18, 2006

രോഷന്റെ സെലക്‌ ഷന്‍

രോഷന്‍, വയസ്സ്‌ 17 (മധുരപ്പതിനേഴല്ല.... അല്‍പം ഹാസ്യപ്പതിനേഴ്‌). ഒറ്റ നോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും അല്‍പസമയം അടുത്തിടപഴകിയാല്‍ നമുക്ക്‌ ഒരു കണ്‍ഫിയൂഷന്‍ അടിക്കും... എന്തോ ഒരു കുറവുണ്ടെന്ന് ഉറപ്പിക്കാം, പക്ഷെ എത്രയാണ്‌ കുറവ്‌ എന്നതാണ്‌ കണ്‍ഫിയൂഷന്‍... (ഇപ്പോഴും ഈ തര്‍ക്കം നാട്ടില്‍ നിലനിക്കുന്നതിനാല്‍ ഞാന്‍ ഒരു അഭിപ്രായം പറയുന്നില്ല)

ആള്‍ പൊതുവെ അത്യുത്സാഹി... പരസഹായി... എല്ലാ വീടുകളിലും എല്ലാ ഫംഗ്ഷനുകളിലും പ്രധാന നടത്തിപ്പുകാരന്‍...(അതായത്‌ വീട്ടുകാര്‍ വരെ സൈഡ്‌ ബെഞ്ചില്‍) അങ്ങനെ സഹായിച്ച്‌ സഹായിച്ച്‌ ശല്ല്യം ചെയ്യുന്ന ഒരുവന്‍....

എന്തെങ്കിലും ദീര്‍ഘദൂര ദീര്‍ഘസമയ മെനക്കെട്‌ പണികള്‍ ഏല്‍പ്പിച്ചാണ്‌ പൊതുവെ ചില സന്ദര്‍ഭങ്ങളില്‍ പുള്ളിക്കാരനെ ഒഴിവാക്കാറ്‌.

ആഗസ്റ്റ്‌ 15.... കുറച്ച്‌ ഫ്ലാഗുകള്‍ (നമ്മുടെ ദേശീയപതാകയില്ലെ, അതുതന്നെ) വാങ്ങാനായി പുള്ളിക്കാരനെ വിട്ടു. കൂട്ടത്തില്‍ ഒരു ഉപദേശവും കൊടുത്തു... 'നല്ലത്‌ നോക്കി വാങ്ങണം' (അതായത്‌, നല്ല ബലമുള്ളതും പെട്ടെന്ന് കീറിപ്പോകാത്തതും എന്നാണ്‌ അര്‍ത്ഥമാക്കിയതെന്ന് പറഞ്ഞുവിട്ടവന്റെ മൊഴി)

കടയില്‍ ചെന്ന രോഷന്‍

'ചേട്ടാ... ഒരു നാലഞ്ച്‌ ഫ്ലാഗ്‌ വേണം... ഉള്ള മോഡലുകളൊക്കെ ഒന്ന് കാട്ടാമോ?'

എല്ലാ മോഡലുകളും മുന്നില്‍ റെഡി.

രോഷന്റെ അടുത്ത ചോദ്യം..

'അല്ല ചേട്ടാ... ഇതൊക്കെ ഈ കളര്‍ മാത്രമേ ഉള്ളോ??... സെലക്‌ ഷന്‍ കുറവാണല്ലോ? വേറെ കളറുകളില്‍ ഒന്നും ഇല്ലേ..???'

Tuesday, October 17, 2006

ചീട്ടുകളി വീണ്ടും പിടിച്ചിരിക്കുന്നു

സ്ഥിരമായി ചീട്ടുകളിക്കാര്‍ക്ക്‌ തണല്‍ കൊടുത്ത്‌ അതുകണ്ട്‌ നിസ്സഹായയായി നില്‍ക്കാനാണ്‌ നാട്ടിന്‍പുറത്തെ ആ മാവിന്റെ നിയോഗം.

അന്നും പതിവുപോലെ തെങ്ങ്‌ കയറ്റക്കാരന്‍ ശങ്കരനും, വേലികെട്ടുകാരന്‍ ചാക്കപ്പനും മറ്റ്‌ സ്ഥിരം ജോലിയില്ലാത്ത കേമന്മാരും ചീട്ടുകളിയില്‍ മുഴികിയിരിക്കുന്നു. കാശ്‌ വച്ചാണ്‌ കളി.

ആ വഴി വന്ന തോമാ പോലീസ്‌ ഇതു കണ്ട്‌ ഓടി അടുത്തുവന്നു. എന്നിട്ട്‌ വിളിച്ച്‌ പറഞ്ഞു..
'ചീട്ടുകളി പിടിച്ചിരിക്കുന്നു..'

എല്ലാവരും ചാടി എഴുന്നേറ്റ്‌ മുണ്ട്‌ ഭവ്യതയോടെ പിടിച്ച്‌ തോര്‍ത്ത്‌ കൈയ്യിലെടുത്ത്‌ തലചൊറിഞ്ഞ്‌ നില്‍പ്പായി. ശങ്കരന്‍ കളത്തിലുള്ള എല്ലാ പൈസയും വാരിക്കൂട്ടി തോമാപോലീസിന്റെ നേരെ നീട്ടി.

പൈസ വാങ്ങി കീശയിലിട്ടിട്ട്‌ തോമാപോലീസ്‌ പറഞ്ഞു.

'ആ... ഇത്തവണ പോട്ടെ.... ഇരിക്ക്‌... ഞാനും കൂടാം...'

തുടര്‍ന്ന് തോമാപോലീസും കളിയില്‍ മുഴുമി. ചീട്ടുകളിയില്‍ പി.എച്‌.ഡി. എടുത്ത എവന്മാര്‍ക്കുണ്ടോ പോലീസ്‌... കുറച്ച്‌ കഴിഞ്ഞപ്പോഴെക്ക്‌ തോമാപോലീസ്‌ കാലി (പൈസ തീര്‍ന്നു, അത്ര തന്നെ).

തോമാ പോലീസ്‌ പതുക്കെ എഴുന്നേറ്റു. എന്നിട്ട്‌ പ്രഖ്യാപിച്ചു..

'ചീട്ടുകളി വീണ്ടും പിടിച്ചിരിക്കുന്നു'

Monday, October 09, 2006

ത്രിശ്ശൂര്‍ ഭാഷ

ഈ സംഭവം വായിച്ചവരും കേട്ടവരും സദയം ക്ഷമിക്കുക....

ത്രിശ്ശൂര്‍ മാര്‍ക്കറ്റില്‍ ഒരു തല്ല് നടന്നു. ജോണിയും ജോസഫും തമ്മിലായിരുന്നു അങ്കം... എന്തോ നിസ്സാര കാര്യം.... സംഭവത്തിന്‌ സാക്ഷിയായതോ അവിടെതന്നെ വഴിയോരത്ത്‌ പച്ചക്കറി കച്ചവടം നടത്തുന്ന ടോമി.

സംഭവം കേസായി...

കോടതിയില്‍ വാദം നടക്കുന്നു. ടോമിയോട്‌ തന്റെ സാക്ഷിമൊഴി പറയാന്‍ കോടതി ആവശ്യപ്പെട്ടു.

ടോമിയുടെ വിവരണം:

"ഈ ഗഡി അവിടെ വെര്‍തെ നിക്കാര്‍ന്നൂന്ന്... അപ്പോണ്ട്‌ ആ ഗഡി ഇങ്ങട്‌ വന്നട്ട്‌ ഈ ഗഡ്യെ 'ഠെ ഠെ' ന്ന് അഞ്ചാറ്‌ പൊത. എന്റിഷ്ടാ... അപ്പൊ ഞാന്‍ നോക്ക്യപ്പൊ ഈ ഗഡി ആ ഗഡ്യെ തിരിച്ച്‌ എന്തൂട്ട്‌ പൊത്യാ പൊതച്ചേന്ന് അറിയോ?"

അന്തം വിട്ടിരുന്ന ജഡ്ജി 'നിര്‍ത്ത്‌ നിര്‍ത്ത്‌... എന്താ പറഞ്ഞെ... ഒന്നുകൂടി വ്യക്തമായി പറയൂ...'

ടോമി വീണ്ടും ഇതേ വിവരണം....

ഒടുവില്‍ കോടതി വിധി വന്നു.'വാദിയെയും പ്രതിയെയും വെറുതെ വിട്ടിരിക്കുന്നു. സാക്ഷിയായ ടോമിയെ പിടിച്ച്‌ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്ത്‌ മലയാളം ശരിക്ക്‌ പഠിപ്പിച്ചിട്ട്‌ വിട്ടാല്‍ മതി.'

('പൊത' എന്നാല്‍ തല്ല് അഥവാ അടി എന്നര്‍ത്ഥം)