മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Wednesday, March 12, 2008

ഐ. ഐ. ഓ.

ഈയിടെ ഒരു ബാങ്കിന്റെ പരസ്യം ടി.വി. യില്‍ കാണുകയുണ്ടായി. 'നിങ്ങള്‍ക്കു വേണ്ടി ഞങ്ങളും മാറുന്നു' എന്നോ മറ്റോ ആണ്‌ അതിന്റെ സാരാംശം.

അതില്‍ ക്രിക്കറ്റ്‌ കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ഭര്‍ത്താവിനോട്‌ ഭാര്യ ഒരു ഷോട്ടിനെക്കുറിച്ച്‌ അഭിപ്രായം പറയുന്നു.. 'സ്ക്വയര്‍ സ്ലൈസ്‌...' എന്ന്. ഭര്‍ത്താവു അത്‌ 'സ്ക്വയര്‍ കട്ട്‌' എന്ന് തിരുത്തിക്കൊടുക്കുന്നു..

മേല്‍പ്പറഞ്ഞതിന്റെ ഉദ്ദേശമെന്തെന്നാല്‍, പലര്‍ക്കും ഒട്ടും അറിഞ്ഞുകൂടാത്ത മേഖലകള്‍ (ജനറല്‍ നോളജ്‌) ഉണ്ടെന്നതാണ്‌.

എന്റെ ധര്‍മ്മപത്നിയും അത്തരം കാര്യങ്ങളില്‍ വിഭിന്നയല്ല... ക്രിക്കറ്റിന്റെ വിജ്ഞാനത്തിന്റെ കാര്യത്തില്‍ ആളൊരു ചെറിയൊരു പുലിയാണെന്നാണ്‌ വയ്പ്പ്‌.. പക്ഷെ, തീരെ കപ്പാസിറ്റി പോരാത്ത മേഖലകളും കാണുമല്ലോ...

ചെറിയൊരു സംഭവം.....

ഞാന്‍ കാര്‍ ഡ്രൈവ്‌ ചെയ്യുമ്പോള്‍ സൈഡിലോ പിന്‍ സീറ്റിലോ മിന്നൂസിനോടൊപ്പം ഇരുന്ന് വല്ല്യ അഭിപ്രായം പറഞ്ഞാല്‍ മതിയല്ലോ... അതായത്‌, കാര്‍ ഒന്ന് ബ്രേക്കിടുകയോ എന്റെ അഹങ്കാരത്തിന്‌ ഒന്ന് റാഷ്‌ ആയി ഓടിക്കുകയോ ചെയ്യുമ്പോള്‍ 'ഇതിലും ഭേദം ട്രാന്‍സ്പോര്‍ട്ട്‌ ബസ്സാണല്ലോ...' എന്ന ഡയലോഗ്‌ കേട്ട്‌ കേട്ട്‌ മടുത്തപ്പോള്‍ 'എന്നാ നീ ഇവിടെ ഇറങ്ങി ട്രാന്‍സ്പോര്‍ട്ട്‌ ബസ്സിന്‌ പോരേ..' എന്ന് ഞാന്‍ ഉപദേശിക്കുന്നതും പതിവായി.

ഈയിടെ, കാറിലിരുന്നുകൊണ്ട്‌ മുന്നിലേയ്ക്ക്‌ നോക്കിക്കൊണ്ട്‌ 'അയ്യയ്യോ....' എന്നൊരു പറച്ചില്‍..

"എന്തേ... എന്തു പറ്റീ..???" എന്തോ അത്യാഹിതം കണ്ടിട്ടാണെന്ന് വിചാരിച്ച്‌ ഞാന്‍ ചോദിച്ചു.

"എന്ത്‌ പറ്റാന്‍... ദേ മുന്നില്‍ പോകുന്ന വണ്ടിയാണ്‌ ഞാന്‍ പറഞ്ഞത്‌..."

അപ്പോഴാണ്‌ ഞാന്‍ മുന്നിലെ കാര്‍ ശ്രദ്ധിച്ചത്‌.

ഹുണ്ടായ്‌ കമ്പനിയുടെ i10. അതിനെയാണ്‌ പുള്ളിക്കാരത്തി വായിച്ചത്‌ 'ഐ ഐ ഓ..'