മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Tuesday, July 24, 2007

ഡയാനയുടെ മരണം

കൃഷ്ണന്‍ ഡിഗ്രിക്ക്‌ മുകളില്‍ വല്ല്യ ഡിഗ്രികളൊന്നും സമ്പാദിച്ചിട്ടില്ലെങ്കിലും ഞങ്ങളുടെ ഏരിയയില്‍ കമ്പ്യൂട്ടര്‍ സെന്റര്‍ തുടങ്ങുകയും ആദ്യമായി കമ്പ്യൂട്ടര്‍ പഠിപ്പിക്കല്‍ ആരംഭിക്കുകയും ചെയ്ത പ്രശസ്തരില്‍ ഒരാളാണ്‌.

കൗമാരം ക്രിക്കറ്റ്‌ ക്ലബ്ബും ക്രിക്കറ്റുമായി നടന്ന് തീര്‍ത്തതിനാല്‍ യൗവ്വനം മാത്രമേ സിനിമാ അഭിനയഭ്രാന്തുമായി തീര്‍ക്കുവാന്‍ കിട്ടിയുള്ളൂ....

ഹെയര്‍ സ്റ്റയിലിലും മറ്റും വന്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ റോഡരുകില്‍ പാര്‍ക്ക്‌ ചെയ്ത റിയര്‍വ്യൂ മിറര്‍ ഉള്ള ഒരൊറ്റ വണ്ടിയും കൃഷ്ണന്റെ മുഖം പതിയാതെ വിട്ടുപോകാറില്ല...വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കളുമായി കമ്പനി കൂടിയും കത്തിയടിച്ചും സുഖജീവിതം... ഒരു പാട്‌ സിനിമാ സെറ്റുകളില്‍ പോയിട്ടുണ്ടെങ്കിലും 5-6 സിനിമകളിലേ തല ഉള്‍പ്പെടുത്താന്‍ സാധിച്ചുള്ളൂ.. അതില്‍ 1-2 എണ്ണമേ റിലീസ്‌ ആയുള്ളൂ എന്ന് മാത്രം....

പക്ഷെ, പുള്ളിക്കാരന്റെ പൊതുവിജ്നാനമാണ്‌ ഭയങ്കരം... സാമൂഹിക രാഷ്ട്രീയ സമകാലീക വാര്‍ത്തകളൊന്നും പുള്ളിക്കാരനെ ബാധിക്കുന്നവയല്ല... പക്ഷെ, എന്തിനെക്കുറിച്ചും കൂട്ടുകാര്‍ ചര്‍ച്ചചെയ്യുമ്പോള്‍ അതില്‍ താല്‍പര്യമുള്ളപോലെ നില്‍ക്കുകയും ഇടയ്ക്ക്‌ ചില അഭിപ്രായം പറയുകയും ചെയ്യും ('അത്‌ ശരിയാ...', 'അത്‌ തന്നെ..' എന്നീ അഭിപ്രായങ്ങള്‍)...

ദിവസവും പത്രം വായിയ്ക്കും... ആദ്യപേജ്‌ പത്രത്തിന്‌ ആവശ്യമില്ലെന്ന അഭിപ്രായക്കാരനാണ്‌ കക്ഷി... സ്പോര്‍ട്ട്സ്‌ പേജും സിനിമാ പരസ്യവും മാത്രം മതി അത്രേ...

ഒരു ദിവസം പത്രങ്ങള്‍ 'ഡയാന മരിച്ചു' എന്ന വാര്‍ത്തയുമായാണ്‌ ഇറങ്ങിയത്‌....

ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളും മറ്റുമായി പത്രം നിറയെ ദിവസങ്ങളോളം ഇത്‌ തന്നെ വിഷയം... ഒരു പതിവ്‌ വൈകുന്നേരത്തെ സുഹൃത്ത്‌ സംഗമവും ചര്‍ച്ചയും...എല്ലാവരും ഡയാനയെക്കുറിച്ചും പാപ്പരാസികളുടെ കാര്യങ്ങളെക്കുറിച്ചുമെല്ലാം ഘോരഘോരം അഭിപ്രായപ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു...കൃഷ്ണനും ചര്‍ച്ചയില്‍ സജീവമായിത്തന്നെ നില്‍ക്കുന്നു. തലയാട്ടലും പതിവ്‌ അഭിപ്രായങ്ങളായ 'അത്‌ ശരിയാ...', 'അത്‌ തന്നെ..' എന്നിവയില്‍ തന്നെ പുള്ളിക്കാരന്‍ ഉറച്ച്‌ നില്‍ക്കുന്നു.

ചര്‍ച്ചയും മറ്റ്‌ കലാപരിപാടികളുമെല്ലാം കഴിഞ്ഞ്‌ തിരിച്ച്‌ വീട്ടിലേക്ക്‌ സ്കൂട്ടറില്‍ പോകുമ്പോള്‍ കൃഷ്ണന്‍ തന്റെ ഉറ്റ സുഹൃത്തും അയല്‍ക്കാരനുമായ രാജനോട്‌ ഒരു ചോദ്യം..

"ഡോ രാജാ... ആരാടോ ഈ ഡയാന????"

രാജന്‍ സ്കൂട്ടര്‍ ബ്രേക്കിട്ട്‌ നിര്‍ത്തി. എന്നിട്ട്‌ കൃഷ്ണനെ നോക്കി പറഞ്ഞു..

"ഡയാന തന്റെ $%^&##@@@**"

4 Comments:

At 2:43 AM, Blogger സൂര്യോദയം said...

പൊതുവിജ്നാനം അല്‍പം കൂടുതലുള്ള നാട്ടിലെ ഒരു സുഹൃത്തിനെക്കുറിച്ച്‌.....

 
At 3:53 AM, Blogger സു | Su said...

പാവം ഡയാന. പാവം കൃഷ്ണന്‍. :)

 
At 11:51 PM, Blogger ശ്രീ said...

ദൈവമേ.... കൃഷ്ണന്‍ ഞങ്ങളുടെ മത്തന്റെ ആരാണാവോ? അതു തന്നെ!!!

 
At 8:55 PM, Blogger സൂര്യോദയം said...

സു ചേച്ചീ... രണ്ടുപേരും വല്ല്യ പാവങ്ങളുന്നുമല്ല :-)

ശ്രീ... ഈശ്വരാ... ബന്ധം കാണുമോ? ;-)

 

Post a Comment

<< Home