മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Sunday, November 05, 2006

റിയാക്‌ ഷന്‍

എക്കാലത്തും വിദ്യാര്‍ത്ഥികളും ബസ്സുകാരും തമ്മില്‍ വല്ല്യ ലോഹ്യമാണല്ലോ.... ഈ ലോഹ്യങ്ങളില്‍ പെട്ട ഒരു ചെറിയ സംഭവം...

നമ്മള്‍ ഇങ്ങനെ സ്റ്റോപ്പില്‍ ബസ്സ്‌ വരുന്നതും നോക്കി നില്‍പ്പ്പാണ്‌... ബസ്സ്‌ വരുന്നു... നിര്‍ത്താതെ പോകുന്നു.... അടുത്ത ബസ്സ്‌ വരുന്നു, കുറേ മുന്‍പേ നിര്‍ത്തി ആളെ ഇറക്കിയിട്ട്‌ നമ്മള്‍ ഓടിചെല്ലുമ്പോഴെക്ക്‌ സ്ഥലം വിടുന്നു.... മറ്റൊരു ബസ്സ്‌ വന്നിട്ട്‌ നിര്‍ത്തുന്ന പോലെ കാണിച്ചിട്ട്‌ ഒരോറ്റ പോക്ക്‌, എന്നിട്ട്‌ കുറേ പോയിട്ട്‌ നിര്‍ത്തി ആളെ ഇറക്കി പാഞ്ഞു പോകുന്നു...

ഇതെന്താ, ഇങ്ങനെ പൊട്ടന്‍ കളിപ്പിക്കാന്‍ മാത്രം സ്കൂള്‍ പിള്ളേരൊന്നുമല്ലല്ലോ നമ്മള്‍.... കോളെജ്‌ കുമാരന്മാരല്ലെ....

ആകെ കഷ്ടി പ്രാണന്‍ നിലനിര്‍ത്താന്‍ മാത്രമേ ഉള്ളൂവെങ്കിലും ഉള്ള ചോര അങ്ങ്‌ തിളച്ചു... ഈ ചോര തിളച്ചാല്‍ ബോധം പോകുന്ന ഒരു പ്രക്രിയ അവിടെ ആരംഭിച്ചു (ബോധം ഉള്ളവര്‍ക്കെ കുഴപ്പമുള്ളൂ... ഇല്ലാത്തവര്‍ നേരെ അടുത്ത സ്റ്റെപ്പിലേക്ക്‌ കടക്കുന്നു എന്ന് മാത്രം)

അടുത്ത്‌ സ്റ്റെപ്പ്‌ എന്നുപറഞ്ഞാല്‍ റിയാക്‌ ഷന്‍ ആണല്ലോ....

അതാ ഒരു ബസ്സ്‌ വന്ന് നിര്‍ത്താതെ പോകുന്നു....

കൂടെയുള്ളവന്റെ റിയാക്‌ ഷന്‍ വളരെ പെട്ടെന്നായിരുന്നു. കല്ലെടുത്ത്‌ ഒരൊറ്റ ഏറ്‌....

'ക്ലിം.....' ബസ്സിന്റെ പിന്നിലെ ഗ്ലാസ്സ്‌ ഒന്ന് ഞളുങ്ങി. (അല്ല, ഗ്ലാസ്സ്‌ ഞളുങ്ങിയാല്‍ പൊട്ടുന്നത്‌ നമ്മുടെ കുറ്റമല്ലല്ലോ..)

ബസ്സ്‌ നിര്‍ത്തി....

'ആ.... അപ്പൊ പേടിയുണ്ടല്ലെ...' എന്ന് പറഞ്ഞ്‌ ഓടിച്ചെന്ന് ബസ്സില്‍ കയറി...

'ഭാഗ്യം, ആരും തല്ലിനും തെറിവിളിക്കും വരുന്നില്ല... നമ്മളെ പേടിയായിരിക്കും...' എന്നൊക്കെ മനസ്സില്‍ വിചാരിച്ച്‌ നില്‍ക്കുമ്പോള്‍ അതാ ബസ്സ്‌ വഴി മാറി പോകുന്നു.

അപ്പോഴെക്ക്‌ നേരത്തെ ചോരതിളച്ച റിയാക്‌ ഷനില്‍ നഷ്ടപ്പെട്ട ബോധം തിരിച്ചു വന്നതിനാല്‍ കാര്യം മനസ്സിലായി.... പോക്ക്‌ പോലീസ്‌ സ്റ്റേഷനിലേക്കാണെന്ന്....

മറ്റവന്‌ നഷ്ടപ്പെടാനില്ലാതിരുന്നതിനാല്‍ ബോധം തിരിച്ചുവരാനില്ലല്ലോ... അതുകൊണ്ട്‌ അവന്‍ ഗജകേസരീമോന്തായനായി റിലാക്സ്‌ ഡ്‌ ആയി നില്‍ക്കുന്നു.

അവനെ പറഞ്ഞ്‌ ബോധിപ്പിച്ചപ്പോഴെക്ക്‌ ബസ്സ്‌ അങ്ങ്‌ പോലീസ്‌ സ്റ്റേഷനില്‍ എത്തി.

(മാനസിക മന്താക്രാന്തയും പരാക്രമ വിഭ്രാന്ത വിസ്മയങ്ങളും വര്‍ണ്ണിക്കാനാവില്ല. കാര്‍ന്നോന്മാരുടെ ഭാഗ്യത്തിന്‌ നാട്ടുകാരനായ ഒരാളാണ്‌ അവിടെ സ്റ്റേഷനില്‍ ഉണ്ടായിരുന്നത്‌. കാര്യകാരണങ്ങളും തെറ്റുകുറ്റങ്ങളും കുമ്പസാരിപ്പിച്ച്‌ ഒടുവില്‍ ഇനിമുതല്‍ പിള്ളേരെ ബസ്‌ സ്റ്റോപ്പില്‍ നിര്‍ത്തി കയറ്റാം എന്ന ഉറപ്പും പൊട്ടിയ ഗ്ലാസ്സിന്റെ പകുതി കാശ്‌ കൊടുക്കാം എന്ന ഉറപ്പും പരസ്പരം നല്‍കി സംഗതി അവസാനിപ്പിച്ചു)

4 Comments:

At 10:43 PM, Blogger സൂര്യോദയം said...

ബസ്സുകാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സ്നേഹബദ്ധത്തിനിടയില്‍ സംഭവിച്ച ഒരു കാര്യം..... എവരി ആക്‌ ഷന്‍ ഹാസ്‌ ആന്‍ ഈക്വല്‍ ആന്റ്‌ ഒപ്പോസിറ്റ്‌ റിയാക്‌ ഷന്‍... ചിലപ്പോള്‍ ഈക്വല്‍ അല്ലാത്ത ഗ്രേറ്റര്‍ ദാന്‍ ഈക്വല്‍ ആയ റിയാക്‌ ഷന്‍സും ഉണ്ടാവും...

 
At 10:56 PM, Blogger സു | Su said...

പോലീസിന്റെ ആക്‍ഷന്‍ നന്നായിരുന്നോ? ;)

 
At 11:15 PM, Blogger Rasheed Chalil said...

ഇത് കൊള്ളാല്ലോ ചുള്ളാ...

 
At 11:24 PM, Blogger മനോജ് കുമാർ വട്ടക്കാട്ട് said...

പണ്ട്‌ മടപ്പള്ളി കോളെജിലെ പിള്ളാരെ കേറ്റാതെ പോയ ഒരുബസ്സ്‌ അടുത്ത ദിവസം തടഞ്ഞ്‌ വച്ച്‌ ഡ്രൈവറെയും കിളിയെയും ലഭ്യമായ സകല തെറികളും വിളിച്ചങ്ങിനെ ഞെളിഞ്ഞ്‌ നില്‍ക്കുമ്പോഴാണ്‌ ഞാന്‍ നടുക്കുന്ന ആ കാഴ്ച കണ്ടത്‌- ബസ്സില്‍ നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ വല്ല്യച്ഛന്‍!

വല്ല്യച്ഛന്റെ വീട്ടിന്റെ നാലയലത്തുകൂടെ പിന്നെ കുറെനാളത്തെയ്ക്‌ പോയില്ല.
(ഒടുവില്‍ ഒരുദിവസം പിടിക്കപ്പെട്ടപ്പോള്‍, പോലിസ്‌ പിടിക്കുന്നതായിരുന്നു ഇതിലും ഭേദം എന്നു തോന്നി)

 

Post a Comment

<< Home