മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Monday, September 11, 2006

എനിക്ക്‌ കിട്ടിയ ചൂരല്‍ മിഠായി

ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴത്തെ ഒരു സംഭവം.

സ്കൂളില്‍ മൊത്തത്തില്‍ കുത്തിവയ്പ്‌ എടുക്കുന്ന സമയം.

ആ സ്കൂളില്‍ തന്നെ മുതിര്‍ന്ന ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന അമ്മയ്ക്ക്‌ എന്നാണ്‌ അവിടെ കുത്തിവയ്പ്‌ കൊടുക്കുന്നത്‌ എന്ന് അറിയാം. എനിക്ക്‌ സമയാസമയം ആശുപത്രിയില്‍ കൊണ്ടുപോയി പ്രതിഫലം തരാതെ സൂചി കയറ്റിയിട്ടുള്ളതിനാല്‍ 'സ്കൂളിലെ സൂചികയറ്റല്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലാ' എന്ന് അമ്മ പ്രത്യേകം പറഞ്ഞ്‌ മനസ്സിലാക്കിതന്നിരുന്നതാണ്‌.

അന്ന് കുത്തിവയപ്‌ ദിനം....

കുത്തിവയ്പ്‌ മുന്‍പ്‌ എടുക്കാത്തവര്‍ ആരെല്ലാമാണെന്ന് ചോദിച്ചറിഞ്ഞ്‌ ക്ലാസ്സ്‌ ടീച്ചര്‍ കുട്ടികളെ വരിവരിയായി നിര്‍ത്തി ക്ലാസ്സില്‍ നിന്ന് കൊണ്ടുപോയി.

ഞാനും ബഷീറും മാത്രം ക്ലാസ്സില്‍ ബാക്കി.

ജനാലിലൂടെ നോക്കിയപ്പോള്‍ ഒരു സംഭവം മനസ്സിലായി. എല്ലാ കുട്ടികളും മിഠായി തിന്നുകൊണ്ട്‌ തിരിച്ച്‌ പോകുന്നു.

'ഹായ്‌.. ഇത്‌ കൊള്ളാല്ലോ.... ഇഞ്ചക്ഷന്‍ കഴിഞ്ഞാല്‍ രണ്ട്‌ മിഠായി ഫ്രീ..' എനിക്ക്‌ അല്‍പം നിരാശ ബാധിച്ചു.

അപ്പോഴും ബഷീര്‍ ഹാപ്പി തന്നെ. മിഠായിയെക്കാള്‍ എത്രയോ വലുതാണ്‌ നുണ പറഞ്ഞ്‌ ആ സൂചിയില്‍ നിന്ന് രക്ഷപ്പെടല്‍..

കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഹെഡ്‌ മാസ്റ്റര്‍ (കണ്ടന്‍ മാസ്റ്റര്‍) ഒരു ചൂരലുമായി പതിവുപോലെ റൗണ്ട്സിന്‌ ഇറങ്ങി.
(തടിച്ച്‌ പൊക്കം കുറഞ്ഞ്‌ ഉണ്ടക്കണ്ണും കഷണ്ടിത്തലയുമായ ഒരു വില്ലന്‍ രൂപം... പുള്ളി വല്ലതും ചോദിച്ചാലേ കുട്ടികള്‍ക്ക്‌ ട്രൗസര്‍ നനയും)

ഞണ്ടളുടെ ക്ലാസ്സില്‍ കയറി വന്ന മാഷ്‌ ചോദിച്ചു.

'എന്തേ... നിങ്ങള്‍ വീട്ടില്‍ നിന്ന് ഇഞ്ചക്ഷന്‍ എടുത്തതാണോ?'

ബഷീറിന്‌ ഒരു സംശയവുമില്ല. അവന്‍ ഫുള്‍ സ്പ്പീഡില്‍ തലയാട്ടി.

'താനോ?' എന്നെ നോക്കി ചോദിച്ചു.

എന്റെ മനസ്സില്‍ ആകെ ഒരു കണ്‍ഫിയൂഷന്‍....

'അതെ' എന്ന് പറഞ്ഞാല്‍ മിഠായി കിട്ടില്ല. 'അല്ല' എന്ന് പറഞ്ഞാല്‍ മിഠായി കിട്ടും, പക്ഷെ എന്റെ ക്ലാസ്സിന്റെ വരിയില്‍ തപ്പിപ്പിടിച്ച്‌ പോയി നിന്ന് സൂചി കയറ്റുകയും വേണം. മാത്രമല്ല, അമ്മയോട്‌ അനുസരണക്കേട്‌ കാണിക്കലാവില്ലേ???...' 'ഈ കണ്ടന്‍ പൂച്ച അമ്മയോടെങ്ങാന്‍ ചോദിച്ചാല്‍ പ്രശ്നമാവില്ലേ?' തുടങ്ങിയ ചിന്തകള്‍ ഓരോന്നായി മനസ്സിലൂടെ കയറി ഇറങ്ങിക്കൊണ്ടിരുന്നു.

എന്റെ കുട്ടിമനസ്സിന്റെ സ്പീഡ്‌ കുറവുകൊണ്ട്‌ 'വീട്ടില്‍ ഇഞ്ചക്ഷന്‍ എടുത്തതാണോടാ..?' എന്ന ചോദ്യം ഒരു അഞ്ച്‌ ആറു പ്രാവശ്യം ചോദിച്ചെങ്കിലും എന്റെ മനസ്സിലെ പ്രോസസ്സിംഗ്‌ തീരാത്തതിനാല്‍ എന്നില്‍ നിന്ന് ഉത്തരം ഒന്നും ഉണ്ടായില്ല.

(പ്രൊസസ്സിംഗ്‌ എന്ന *അരിനാഴി സിഗ്നല്‍ മുഖത്ത്‌ വന്നില്ല... കാരണം കമ്പ്യൂട്ടര്‍ അന്ന് അത്ര പ്രചാരത്തിലില്ല എന്ന് തോന്നുന്നു)

'ചോദിച്ചതിന്‌ ഉത്തരം പറയടാ..' എന്ന് ഗര്‍ജ്ജിച്ച്‌ കൊണ്ട്‌ കയ്യിലുള്ള ചൂരല്‍ എന്റെ ചന്തിക്കിട്ട്‌ ഒരു വീശ്‌...

'ഠപേ..' എന്ന് ട്രൗസറില്‍ അടി വീഴലും 'അമ്മ ഇഞ്ചക്ഷന്‍ എടുക്കേണ്ടാ എന്ന് പറഞ്ഞിട്ടുണ്ട്‌ സാറേ...' എന്ന് ഉള്ളില്‍ നിന്ന് ഔട്ട്‌ പുട്ട്‌ നിലവിളി രൂപത്തില്‍ പുറത്ത്‌ വരലും ഒരുമിച്ചായിരുന്നു.

'അല്ലാ പിന്നെ..' എന്ന് പറഞ്ഞ്‌ ഹാങ്ങ്‌ ആയ കമ്പ്യൂട്ടര്‍ റീസെറ്റ്‌ ചെയ്ത സന്തോഷത്തോടെ സാറ്‌ തിരിച്ചു പോയി.

മിഠായി തിന്ന് കൊണ്ട്‌ കുട്ടികള്‍ ക്ലാസ്സിലേക്ക്‌ കയറിവരുന്നത്‌ ഞാന്‍ കൊതിയോടെ നോക്കി ഇരുന്നു.


*അരിനാഴി സിഗ്നല്‍ എന്ന് ഉദ്ധേശിച്ചത്‌ കമ്പ്യൂട്ടറില്‍ പ്രോസസ്സിംഗ്‌ നടക്കുമ്പോല്‍ കാണുന്ന Hour Glass ആണ്‌.

7 Comments:

At 4:43 AM, Blogger സൂര്യോദയം said...

സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ മിഠായിയെക്കുറിച്ച്‌ ഒരു തീരുമാനമെടുക്കാനുള്ള പ്രോസസ്സിംഗ്‌ സ്പീഡ്‌ കുറവായതിനാല്‍ ഹാങ്ങ്‌ ആയിപ്പോയി എന്ന് വിചാരിച്ച മാഷ്‌ അതൊന്ന് റീസെറ്റ്‌ ചെയത സംഭവം...

 
At 4:59 AM, Blogger ഇത്തിരിവെട്ടം|Ithiri said...

ഈ പ്രവര്‍ത്തനത്തേ മുമ്പ് ബയോളജീ ക്ലാസ്സില്‍ എന്തോ ഒരു പേരില്‍ പഠിച്ചിട്ടുണ്ട്. അന്ന് പഠിച്ച ഉദാഹരണം ഇങ്ങിനെയായിരുന്നു. പെട്ടൊന്ന് കൈ തീയില്‍ തട്ടിയാല്‍ തലയില്‍ നിന്ന് മെസ്സേജ് പാസ്സിങ്ങിനു സമയമില്ലാത്തതിനാല്‍ വേറെ എന്തോ ഒരു ഇത് കൈ പിന്‍‌വലിക്കാനുള്ള കമന്റ് എന്റര്‍ ചെയ്യും എന്നാണ്. ആ ചെയ്ത്തിന് ഒരു പേരും പഠിച്ചിരുന്നു. എല്ലാം മറന്നു..

ഏതായാലും മിഠായി കൊള്ളാം. അസ്സലായി.

 
At 9:01 AM, Anonymous Anonymous said...

(in)voluntary

 
At 8:45 PM, Blogger സൂര്യോദയം said...

പല പല ചോദ്യങ്ങളും മനസ്സില്‍ മല്‍സരിച്ചുകൊണ്ടിരുന്നതിനാല്‍ ഒരു ലൂപ്പില്‍ കിടന്ന് കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ശരിക്കും ഹാങ്ങ്‌ ആയിട്ടുണ്ടാവും... അതാണല്ലോ ചൂരല്‍ കൊണ്ടൊരു റീസെറ്റ്‌ വേണ്ടിവന്നത്‌.. :-)

 
At 6:46 AM, Blogger അരവിന്ദ് :: aravind said...

പോസ്റ്റ് കലക്കി!
അരിനാഴി കലകലക്കി!

ഈ കമന്റ് പോപ്പ് അപ്പ് ഒന്ന് മാറ്റാവോ?

 
At 5:37 AM, Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ...അടിപൊളി. ഇതിപ്പോഴാ വായിച്ചത്.

എന്റെ കുത്തിവെയ്പ്പൊക്കെ എങ്ങിനെയായിരുന്നോ ആവോ? എല്ലാം മറന്നുപോയി.

രാമനന്ദസാഗറിന്റെ രാമായണ സീരിയലിലെ സീതയുടെ കൈയ്യില്‍ അച്ചുകുത്തിയ പാടുണ്ടെന്നും പറഞ്ഞ് സീരിയലിന്റെ ഒറിജിനാലിറ്റി ചോദ്യം ചെയ്തവരുണ്ട്-അന്നെവിടെ അച്ചുകുത്ത് എന്നുള്ള ന്യായമായ ചോദ്യം.

പണ്ട് ലാസ്റ്റ് പീര്യേഡ് സാറില്ല, പൊയ്ക്കോട്ടേ വീട്ടില്‍ എന്ന് നിഷ്‌കളങ്കമായി ചോദിച്ചപ്പോള്‍ എന്നെ തല്ലാന്‍ ഹെഡ്മാസ്റ്റര്‍ പിടിച്ച പിടി, ഇപ്പം കിട്ടി, ഇപ്പം കിട്ടി, കിട്ടി, കിട്ടി, എന്ന് തന്നെയാണോര്‍ത്തത്-ഭാഗ്യത്തിന് തല്ലിയില്ല.

 
At 5:43 AM, Anonymous RP said...

ഈ അരിനാഴി എന്താന്ന് താഴെ കൊടുത്ത നോട്ട് വായിക്കുന്നതു വരെ പിടി കിട്ടിയില്ലാട്ടോ. കലക്കി. ഇന്‍ജക്ഷന്‍ എടുക്കുന്ന ദിവസം ഞങ്ങള്‍ ഒളിച്ചിരിക്കുന്നതും റ്റീച്ചര്‍ വന്ന് പിടിച്ചോണ്ടു പോകുന്നതുമൊക്കെ ഓര്‍മ്മയുണ്ട്. മിഠായി കിട്ടിയത് ഓര്‍മ്മയില്ല..

 

Post a Comment

<< Home