മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Thursday, September 14, 2006

മലയാളഭാഷ തന്നെ കേമം

വീടിന്നടുത്തുള്ള ജയറാം ചേട്ടന്റെ ഇപ്പോഴത്തെ ഇംഗ്ലീഷ്‌ ഭാഷാ പ്രാവീണ്യം കണ്ട്‌ അന്തിച്ച്‌ നിന്ന എന്നോട്‌ ഒരിക്കല്‍ മധുച്ചേട്ടന്‍ പറഞ്ഞു.

'ഭാഷ ഉപയോഗിക്കാനുള്ള ധൈര്യം ആണ്‌ പ്രധാനം... പണ്ട്‌ ഇംഗ്ലീഷ്‌ ഒരു പിടിയും ഇല്ലാതിരുന്ന കാലത്തും ജയറാം അത്‌ ഉപയോഗിക്കാന്‍ ധൈര്യം കാട്ടിയിരുന്നു.'

സതേണ്‍ കോളേജ്‌ ഗ്രൗണ്ടില്‍ ക്രിക്കറ്റ്‌ മാച്ച്‌ കളിക്കാന്‍ ചെല്ലുമ്പോള്‍ ഇംഗ്ലീഷ്‌ മാത്രം അറിയുന്ന ലവന്മാരോട്‌ സംസാരിച്ചിരുന്നത്‌ ജയറാം ആയിരുന്നത്രെ.

സ്വന്തം ടീമില്‍ കളിക്കുന്ന ആളുകളെ എതിര്‍ടീമിന്‌ വിവരിച്ചു കൊടുത്തത്‌

'ഐ പ്ലെ, യു പ്ലെ, അണ്ടര്‍ ദ ട്രീ പ്ലെ' (അതായത്‌, ഞാന്‍, തൊട്ടടുത്ത്‌ നില്‍ക്കുന്നവന്‍, മരത്തിന്നടിയില്‍ നില്‍ക്കുന്നവന്‍ തുടങ്ങിയവരൊക്കെ ടീമിലുണ്ട്‌ എന്ന്)

അങ്ങനെ ഇംഗ്ലീഷ്‌ ഭാഷയെക്കുറിച്ച്‌ അല്‍പം ബഹുമാനം തോന്നിയ എന്നോട്‌ ഒരിക്കല്‍ എന്റെ കൃഷിക്കാരനായ അമ്മാമന്‍ ആ ഭാഷയുടെ സ്ഥിരതയില്ലായ്മയെക്കുറിച്ച്‌ ചോദിച്ചതിങ്ങനെ..

'എന്തൂട്ട്‌ ഭാഷയാടാ ഇത്‌... എന്ത്‌ തോന്ന്യവാസോം പറയാം എന്നോ... ഉദാഹരണത്തിന്‌ നോക്ക്‌... പൂച്ച എന്ന വാക്ക്‌ സി എ ടി എന്ന് എഴുതും, കാറ്റ്‌ എന്ന് വായിക്കും, പൂച്ച എന്ന് അര്‍ത്ഥം... മലയാളം നോക്ക്‌... പൂച്ച എന്ന് എഴുതും, പൂച്ച എന്ന് വായിക്കും, പൂച്ച എന്ന് തന്നെ അര്‍ത്ഥം..'

5 Comments:

At 5:18 AM, Blogger സൂര്യോദയം said...

മലയാള ഭാഷയുടെ ആ സ്ഥിരതയോര്‍ത്ത്‌ ഞാന്‍ കുറച്ച്‌ സമയം അന്തം വിട്ട്‌ ഇരുന്നു.

 
At 7:21 AM, Anonymous Anonymous said...

സൂര്യോദയം ,
സാക്ഷാല്‍ ബര്‍ണഡ് ഷായും ഏതാണ്ട് ഇതേ കാര്യം മറ്റൊരു രീതിയില്‍ പറഞ്ഞിട്ടുണ്ട്.
(അമ്മാവന്‍ പറഞ്ഞ ഇംഗ്ലീഷിന്റെ കാര്യം)

 
At 5:38 PM, Blogger കുഞ്ഞിരാമന്‍ said...

അമ്മാവന്‍ ഒരു എഴുത്തഛന്‍ തന്നെ.

 
At 9:29 PM, Blogger evuraan said...

നമുക്കുമില്ലേ അല്പസ്വല്പം അപവാദങ്ങള്‍?

ശരി എന്നെഴുതും, ശെരി എന്നു വായിക്കും?

ഈ അര്‍ത്ഥാന്തരന്യാസങ്ങളുടെയും ഉച്ചാരണവൈവിധ്യത്തിന്റെയും ഉറവിടം എന്താണെന്ന് ചിന്തിച്ചു പോകുന്നു. എന്തേ സംസാര രീതിയില്‍ അക്ഷരങ്ങളൊതുങ്ങിയില്ല?

ഭാഷകളില്‍, എഴുതുന്ന പരിപാടി വന്നത് ഒരുപാട് കാലം കഴിഞ്ഞാവും എന്നതാവും.

 
At 1:35 AM, Blogger സൂര്യോദയം said...

എന്തിനു പറയുന്നൂ... മലയാളം തന്നെ ഓരോ സ്ഥലത്ത്‌ ചെല്ലുമ്പോള്‍ അര്‍ത്ഥങ്ങള്‍ മാറി മറിയുന്നില്ലെ അല്ലേ...

എല്ലാ ഭാഷക്കുമുണ്ടാകാം ഇതുപോലെ എഴുതുന്നതിലും പറയുന്നതിലും ഉള്ള വൈരുദ്ധ്യം...

 

Post a Comment

<< Home