മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Tuesday, January 02, 2007

ഹിന്ദി വിദ്വാന്‍

ഞങ്ങള്‍ 8 സുഹൃത്തുക്കള്‍ ഒരിക്കല്‍ ടൂര്‍ പോകാന്‍ തിരഞ്ഞെടുത്ത സ്ഥലം നേപ്പാള്‍ ആയിരുന്നു. അതും ഒരു 7 കൊല്ലം മുന്‍പ്‌...

ഞങ്ങളുടെ തീരുമാനം കേട്ട്‌ പലരും കേട്ടതായിപോലും ഭാവിക്കാതെ അത്‌ വിശ്വസിക്കാതെ തള്ളിക്കളഞ്ഞു.

ത്രിശ്ശൂര്‍ സ്റ്റേഷനില്‍ നിന്ന് പാറ്റ്‌ ന വരെ ട്രെയിനില്‍... പാറ്റ്‌ ന റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് ബസ്‌ സ്റ്റേഷന്‍ വരെ കുതിരവണ്ടിയില്‍... ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് നേപ്പാള്‍ ബോര്‍ഡര്‍ വരെ ബസ്സില്‍... ബോര്‍ഡറില്‍ നിന്ന് ബീര്‍ഗഞ്ച്‌ (ബോര്‍ഡര്‍ കടക്കുന്നത്‌) ഓട്ടോറിക്ഷയില്‍ (വിശാലമനസ്കന്റെ ഭാഷയില്‍ പറഞ്ഞാല്‍ കുതിരയുമല്ല കഴുതയുമല്ലാത്ത ഒരു തരം വണ്ടി എന്നേ പറയാന്‍ പറ്റൂ).

പോകുന്നകൂട്ടത്തില്‍ ഹിന്ദി വശമുള്ളത്‌ ആകെ ഒന്നുരണ്ട്‌ പേര്‍ക്ക്‌... മറ്റുള്ളവര്‍ ദൂരദര്‍ശനില്‍ കണ്ടും കേട്ടും പരിചയമുള്ള ഹിന്ദി മാത്രം സമ്പാദ്യം...

ട്രെയിന്‍ ബീഹാര്‍ എത്തിയാല്‍ പിന്നെ റിസര്‍വേഷന്‍ എന്ന വാക്കിന്റെ അര്‍ത്ഥം അവസാനിക്കുന്നു എന്ന് നേരില്‍ ബോധ്യമാകുന്നത്‌ അന്നാണ്‌. കാലത്തുതന്നെ കാലിക്കൂട്ടം പോലെ ട്രെയിന്‍ റിസര്‍വേഷന്‍ ബോഗികളില്‍ കയറിപ്പറ്റിയ ജനം, റിസര്‍വ്വേഷന്‍ സീറ്റുകളില്‍ കിടന്നും ഇരുന്നും ആര്‍മ്മാദിച്ച്‌ കഴിഞ്ഞിരുന്ന ഞങ്ങളെ ഒരു സൈഡാക്കിയിട്ട്‌ അവര്‍ ആര്‍മ്മാദം തുടങ്ങി.

ഇത്‌ കണ്ടും സഹിച്ചും മതിയായപ്പോള്‍ രാജന്‍ തന്റെ ഹിന്ദി വൈഭവം പുറത്തെടുത്തു.

രാജന്‍ അടുത്തിരിക്കുന്ന ബീഹാറിയോട്‌ ചോദിച്ചു..

'ബഹുത്ത്‌ അച്ചാ ജാനേ കേലിയേ ക്യാ ഹുവാ...??'

അയാള്‍ ഒരു ഭാവവ്യത്യാസവും പ്രകടിപ്പിക്കാതെ ഇരിക്കുന്ന കണ്ട രാജനോട്‌ ഞാന്‍ ചോദിച്ചു...

'എന്താ രാജന്‍ ഉദ്ദേശിച്ചത്‌??? ഉദ്ദേശിച്ച അര്‍ത്ഥം കൂടി പറഞ്ഞുതാ...'

രാജന്‍ അര്‍ത്ഥം പറഞ്ഞു തന്നു..

'അതായത്‌ റിസര്‍വ്വ്‌ ചെയ്ത നമ്മള്‍ സുഖമായി യാത്രചെയ്യാന്‍ എന്തുചെയ്യണം എന്ന്...'

പിന്നീട്‌ പാറ്റ്‌ നയില്‍ നിന്ന് ബീര്‍ഗഞ്ചിലേക്ക്‌ ബസ്സില്‍ പോകുമ്പോള്‍ എതിരെ വന്ന ബസ്സ്‌ അശ്രദ്ധമായി വന്നതുമൂലം ഞങ്ങള്‍ യാത്രചെയ്തിരുന്ന ബസ്സ്‌ ഒതുക്കിമാറ്റിയപ്പോല്‍ വണ്ടി ആകെ ഒന്ന് ഉലഞ്ഞു. എല്ലാവരും പരിഭ്രാന്തരായി എതിരെവന്ന ബസ്സിലെ ഡ്രൈവറെ ഹിന്ദിയില്‍ ചീത്തവിളിക്കുന്നകേട്ട്‌ രാജന്‌ സഹിച്ചില്ല.

രാജന്റെ ഉള്ള സമ്പാദ്യം വച്ച്‌ രാജന്‍ ഉറക്കെ വച്ച്‌ കാച്ചി...

'ബച്ചേ കി കുത്തേ...'

ബസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു.

4 Comments:

At 7:28 AM, Blogger സൂര്യോദയം said...

നേപ്പാള്‍ യാത്രക്കിടയില്‍ എന്റെ ഒരു സുഹൃത്ത്‌ പുറത്തെടുത്ത ഹിന്ദി വൈഭവത്തിന്റെ ചില സാമ്പിളുകള്‍ മിഠായിയില്‍ പോസ്റ്റ്‌ ചെയ്യുന്നു.

 
At 9:57 AM, Blogger ഗവേഷകന്‍ said...

ഈ പോസ്റ്റു കണ്ടപ്പോള്‍ മറ്റൊരു സംഭവം ഓര്‍ത്തു. കഴിഞ്ഞ കൊല്ലം ഡാര്‍ജലിംഗ് സന്ദര്‍ശിച്ചപ്പോള്‍ എന്റെ ഒരു സുഹൃത്തും ഇതുപോലെ ഹിന്ദി ഇറക്കുകയുണ്ടായി. ഒരു കച്ചവടക്കാരനോട് എന്തോ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കടുത്ത വിലപേശല്‍ നടന്നു. കച്ചവടക്കാരന്‍ അയഞ്ഞു തരാന്‍ ഒട്ടും ഭാവമില്ലെന്നു കണ്ടപ്പോള്‍ സുഹൃത്തിന്റെ മലയാളം മോഡല്‍ ഹിന്ദി വന്നു.. തൂ ഇസ് തരഹ് കഹാ മേ ക്യാ കഹാ.. മലയാള പരിഭാഷ - നിങ്ങള്‍ ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഞാനെന്തു പറയാനാ...

 
At 12:17 PM, Blogger വക്കാരിമഷ്‌ടാ said...

ബാഗിന് പച്ചീസ് എന്ന് കടക്കാരന്‍ പറഞ്ഞപ്പോള്‍ പേശുമ്പോള്‍ പകുതിയില്‍ നിന്ന് തുടങ്ങണമെന്ന പേശല്‍ മാനേജ്‌മെന്റ് തത്വം പ്രകാരം പച്ചാസില്‍ ഉറച്ച് നില്‍ക്കുകയും കടക്കാരന്‍ മൂന്നുനാലു പ്രാവശ്യം പച്ചീസ് പറഞ്ഞപ്പോളെല്ലാം പച്ചാസില്‍ ഒരു പൈസാ കൂ‍ടുകയില്ല എന്ന രീതിയില്‍ പച്ചാസ് പച്ചാസ് തന്നെ പറയുകയും അത്ഭുത പരതന്ത്രനായ കടക്കാരന്‍ അവസാ‍നം പച്ചാസിന് തന്നെ ബാഗ് കൊടുക്കുകയും ചെയ്ത സംഭവം ഓര്‍മ്മ വന്നു.

 
At 10:04 PM, Blogger സു | Su said...

രാജന്‍ ആളു കൊള്ളാമല്ലോ ;)

ഹിന്ദിയെപ്പറ്റി ആരു പറഞ്ഞാലും വക്കാരി പണ്ടെഴുതിയ പോസ്റ്റിലെ കുമാരനെ ഓര്‍മ്മ വരും.
നാരായണന്‍‌കുട്ടി കിധര്‍ ഗയാ എന്ന് ആരോ ചോദിച്ചപ്പോള്‍ നാരായണന്‍‌കുട്ടി കിധറോം ഗയാ എന്ന് പറഞ്ഞ കുമാരനെ. ഹി ഹി.

 

Post a Comment

<< Home