മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Wednesday, November 15, 2006

ഒരു ലഡുക്കഷണം

ചില ആളുകളെ കണ്ടിട്ടുണ്ട്‌.... എല്ലാത്തിനോടും ഒരു അവമതിപ്പ്‌ ആയിരിക്കും നോട്ടത്തിലും പ്രവൃത്തിയിലും.... ആര്‌ എന്ത്‌ ചെയ്താലും അതില്‍ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യുക എന്നതാണ്‌ അവരുടെ പൊതുവായ വിനോദം. ശരീരത്തിലെ ഏതെങ്കിലും രാസഗ്രന്ധികളുടെ പ്രവര്‍ത്തനക്ഷമതയുടെ കുറവോ അതോ അധികപ്രവര്‍ത്തനമോ ആവാം ഇതിന്‌ കാരണം. കാരണം എന്തുമാകട്ടെ ഇത്തരം ആളുകളെ മാനേജ്‌ ചെയ്യുക എന്ന് വച്ചാല്‍ അല്‍പം കഠിനം തന്നെയാണ്‌.

എങ്കിലും ചിലര്‍ ഇത്തരം സന്ദര്‍ഭങ്ങളെ വളരെ ലളിതമായി അതിജീവിക്കാറുണ്ട്‌.

രംഗം ഒരു ലോക്കള്‍ ട്രെയിന്‍....

ഞങ്ങള്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ തിരിച്ചുപോകുന്നു. പതിവുപോലെ എല്ലാവരും ഒരേ ബോഗിയില്‍ ഒരു ഭാഗത്ത്‌ ഇരുന്ന് ചര്‍ച്ചയും ബഹളവും ആരംഭിച്ചു. ഒരു അപരിചിതന്‍ മാത്രം ആ സീറ്റിന്റെ അറ്റത്ത്‌ ജനാലയ്ക്കരികില്‍ ഇരിപ്പുണ്ട്‌. ട്രെയിനില്‍ അത്ര തിരക്കില്ലാത്തതിനാല്‍ ഇരിക്കാന്‍ സീറ്റ്‌ ഇഷ്ടം പോലെ.

ഈ ബഹളത്തിനിടയില്‍ ഈ പുതുമുഖത്തെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്ന് വിചാരിച്ച്‌ കൂട്ടത്തില്‍ ഒരാള്‍ മാന്യമായി പറഞ്ഞു..

'ചേട്ടാ... ഈ ബഹളവും വര്‍ത്തമാനങ്ങളും സഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒന്ന് അപ്പുറത്തേക്ക്‌ കടന്നിരുന്നോളൂ...'

'ഇല്ല... വേണ്ട... ഞാനിവിടിരുന്നോളാം...' അതൃപ്തിയോടെയുള്ള മുഖം ചുളിച്ചുള്ള മറുപടി.

'ഓ... എന്നാല്‍ ശരി..' എന്ന് പറഞ്ഞ്‌ ഞങ്ങള്‍ കാര്യപരിപാടികളിലേക്ക്‌ കടന്നു.

അന്ന് കൂട്ടത്തിലുള്ള ഒരാളുടെ പിറന്നാള്‍ ആയതിനാല്‍ ലഡു വിതരണമായിരുന്നു മുഖ്യ ഐറ്റം...വിതരണത്തിനിടയില്‍ ഈ അപരിചിതനുനേരെയും ഒരു ലഡു നീട്ടി.

പ്രതീക്ഷിച്ചതുപോലെ 'ഇല്ല, വേണ്ട..' മറുപടിയും മുഖഭാവവും.

('ഇതെന്താ ഈ ചേട്ടന്‌ ഈ രണ്ട്‌ വാക്കുകളും ഈ ഒരു മുഖഭാവവുമേ ഉള്ളോ..' എന്ന് ചോദിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആ അസാമാന്യ ദേഹത്തിന്റെ വലുപ്പവും ഭാവവും മൂലം ആരും ഒന്നും ചോദിച്ചില്ല. 'ഇങ്ങേരെ ഇയാളുടെ ഭാര്യ എങ്ങനെ സഹിക്കുന്നു ആവോ..' എന്ന് മാത്രം ഞങ്ങള്‍ പിറുപിറുത്തു.)

ഇയാളുടെ അടുത്തിരിക്കുന്ന ആള്‍ ലഡു കഴിക്കുമ്പോള്‍ ഒരു കഷണം അടര്‍ന്ന് താഴെ വീണു. ('അടര്‍ന്ന് താഴെ വീണു' എന്ന് പറയാന്‍ മാത്രം ഇത്‌ അത്ര വല്ല്യ മലയോ മതിലോ ഒന്നുമല്ല... എന്നാലും ഒരു ഗമയ്ക്ക്‌ പറഞ്ഞെന്നേയുള്ളൂ) ഈ അടര്‍ന്ന് വീണ കഷണം ഈ അപരിചിതന്റെ കാലില്‍ പതിച്ചു. (ദേ പിന്നേം... 'പതിച്ചു' എന്നൊക്കെ പറഞ്ഞാല്‍ ഒരു ആയിരം അടി ഉയരത്തില്‍ നിന്ന് താഴെക്ക്‌ പതിച്ചു എന്നൊക്കെ പറയുന്നപോലെയുണ്ടല്ലോ എന്ന് തോന്നാം... അതും ഒരു ആര്‍ഭാടത്തിന്‌ പറഞ്ഞെന്നേയുള്ളൂ)

കാലില്‍ ലഡുക്കഷണം വീണ ഉടന്‍ ആ ചേട്ടന്റെ ദേഷ്യത്തോടെയുള്ള റിയാക്ഷന്‍...

'ഛേ... എന്തായിത്‌??'

ഉടന്‍ ഉത്തരവാദിയായവന്റെ മറുപടി...

' സോറി ചേട്ടാ... എന്തുപറ്റി???? കാല്‌ വേദനിച്ചോ???'

എന്ത്‌ പറയണം എന്ത്‌ ചെയ്യണം എന്നറിയാത്ത അങ്കലാപ്പ്‌ അയാളുടെ മുഖത്ത്‌ പ്രതിഫലിച്ചു. എന്നിട്ട്‌ മുഖം തിരിഞ്ഞ്‌ ജനാലിലൂടെ പുറത്തേക്ക്‌ നോക്കി ഇരുന്നു.

അതോടെ ശല്ല്യം തീര്‍ന്നു... ഞങ്ങളുടെയല്ല, അയാളുടെ... :-)

13 Comments:

At 1:08 AM, Blogger സൂര്യോദയം said...

ഒരു ലഡുക്കഷണം ഉണ്ടാക്കിയ പ്രശ്നം... (മിഠായിയില്‍ ഒരു ചെറിയ പോസ്റ്റ്‌)

 
At 1:19 AM, Blogger സു | Su said...

ആളുകളെ തിരിച്ചറിയാന്‍ പലപ്പോഴും പറ്റില്ല. അയാള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ?

നിങ്ങള്‍ എന്നും ലഡ്ഡുവിതരണം നടത്തിയിരുന്നെങ്കില്‍ നന്നായേനെ. :) കൂടെ യാത്ര ചെയ്യുന്നവര്‍ക്ക്.

 
At 1:22 AM, Blogger ലിഡിയ said...

അത് രസിച്ചു സൂരോദയം, പിന്നെ ഈ രോഗമുള്ളവര്‍ക്ക് ഈ ചികിത്സ തന്നെയാണ് ഏറെ ഫലപ്രധം..

-പാര്‍വതി.

 
At 1:39 AM, Blogger അളിയന്‍സ് said...

ശരിക്കും ലഡു കൊണ്ട് ആ പാവത്തിന് വേദനിച്ചുകാണും.. കശ്മലന്മാര്‍....!!!!!

 
At 1:44 AM, Blogger സുല്‍ |Sul said...

എന്തായിത്?

“ലഡുകഷ്ണം. കണ്ടിട്ടില്ലെ“

നല്ല ലഡു

-സുല്‍

 
At 2:09 AM, Blogger Kiranz..!! said...

ഹ.ഹ..മുഖമടച്ചൊരടി കൊടുത്തിരുന്നെങ്കില്‍ അങ്ങോര് പിന്നെം സഹിച്ചേനെ..!!

 
At 2:12 AM, Blogger Unknown said...

ലഡു തള്ളിയിട്ട് ഒരുത്തന്റെ കാലൊടിച്ചതും പോരാഞ്ഞ് ന്യായം പറയുന്നോ? ഗോ റ്റു യുവര്‍ ക്ലാസ്സസ്...... :-)

 
At 3:33 AM, Blogger ചന്തു said...

ബില്‍ബൂ..യു സെഡ് ഇറ്റ് ;-))

 
At 3:34 AM, Blogger ചന്തു said...

ഐ മീന്‍ ദില്‍ബൂ....

 
At 3:42 AM, Blogger മുസ്തഫ|musthapha said...

saamanya mariada ennu karuthi aadiam ladu kaanichappol venda ennum paranj masilu pidich, randamathoru avasaram kaathirunna ayaalude kaalilekk laduvitt peedippichath enthaayaalum moshamaayi :)

 
At 10:18 PM, Blogger സൂര്യോദയം said...

ലഡുക്കഷണത്തിന്റെ പ്രശ്നം വായിച്ചവര്‍ക്കും അതില്‍ ഇടപെട്ട്‌ കമന്റെഴുതിയവര്‍ക്കും നന്ദി... പിന്നെ, അതുമൂലം ടി. കക്ഷിക്കുണ്ടായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചു തന്ന ദില്‍ബുവിന്റെയും അഗ്രജന്റെയും കമന്റുകള്‍ കണ്ട്‌ അന്നത്തെ ആ സംഭവത്തിന്റെ പേരില്‍ അങ്ങേര്‍ക്കുണ്ടായ കാലു വേദന മനസ്സിലാക്കി നിര്‍വ്യാജ്യം ഖേദം പ്രകടിപ്പിക്കുന്നു. :-)

 
At 8:20 AM, Blogger വല്യമ്മായി said...

അയ്യോ ലഡു കഴിഞ്ഞോ

 
At 8:45 AM, Blogger തണുപ്പന്‍ said...

അയാള്‍ക്കൊരു जादू कि झप्पी കൊടുത്ത് നോക്കായിരുന്നില്ലേ? അപ്പോഴറിയാം മാറ്റം. :)

 

Post a Comment

<< Home