മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Monday, June 11, 2007

സിനിമാഭിനയം

കലാഭവന്‍ മണി ഒന്ന് വളര്‍ന്ന് പൊന്തുന്നതിനും മുന്‍പ്‌ തന്നെ ഞങ്ങളുടെ പരിസരത്ത്‌ സിനിമാ അഭിനയത്തിന്‌ വന്‍ താല്‍പര്യവും അതിനായി ചെലവഴിയ്ക്കാന്‍ സമയവും ഒരുപാടുള്ള ചിലരെങ്കിലും ഉണ്ടായിരുന്നു.

കുറേ കാലം പല ഷൂട്ടിംഗ്‌ സെറ്റുകളിലും കറങ്ങിനടന്നിട്ടും ചില സൈഡ്‌ സീനുകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നല്ലാതെ സിനിമ റിലീസ്‌ ആകുമ്പോള്‍ അതിലൊന്നും മുഖം പോയിട്ട്‌ കയ്യോ കാലോ പോലും പ്രത്യക്ഷപ്പെട്ടിരുന്നില്ല... അഥവാ പ്രത്യക്ഷപ്പെടാതിരിയ്ക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഈ അഭിനയപ്രതിഭകളില്‍ ഒരാളാണ്‌ സുബ്രഹ്മണ്യന്‍ മാഷ്‌...

സംഗീതാദ്ധ്യാപകനാണെങ്കിലും അതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ എല്ലാ അണ്ടനേയും അടകോടനേയും ഓരിയിടാന്‍ പഠിപ്പിച്ചിരുന്നു. (അണ്ടനേയും അടകോടനേയും എന്ന പദങ്ങളും ഓരിയിടാന്‍ എന്ന പ്രയോഗവും ഞാനുപയോഗിച്ചത്‌ അസ്തമയന്‍ പോലും ഇദ്ദേഹത്തിന്റെ കീഴില്‍ കുറച്ചുകാലം സംഗീതം അഭ്യസിച്ചിരുന്നു എന്നതിനാലാണ്‌).

അങ്ങനെ മാഷ്‌ അഭിനയിച്ച ഒരു സിനിമ ചാലക്കുടിയില്‍ റിലീസായി.
'സാമൂഹ്യപാഠം' എന്നോ മറ്റോ ആയിരുന്നു പേരെന്ന് തോന്നുന്നു. പൊതുവേ സാമൂഹ്യപാഠം എന്ന വിഷയം സ്കൂളില്‍ തന്നെ വല്ല്യ താല്‍പര്യമില്ലാതിരുന്ന ആളുകള്‍ സിനിമയായും ഇത്‌ വന്നാല്‍ ആ ഭാഗത്തേയ്ക്ക്‌ പോകുമോ?

പക്ഷെ, വഴിയില്‍ കാണുന്നവരേയും നാട്ടുകാരേയും വീട്ടുകാരേയും മാഷ്‌ തീയ്യറ്ററിലേയ്ക്ക്‌ ഓടിച്ചുകയറ്റുകയോ സ്പോണ്‍സര്‍ ചെയ്യുകയോ ചെയ്തു.

സിനിമാതിയ്യറ്ററിന്റെ വാതില്‍ പുറത്ത്‌ നിന്ന് പൂട്ടില്ലെന്ന ധൈര്യത്തില്‍ മാത്രം പലരും ആ സാഹസത്തിന്‌ മനസ്സില്ലാമനസ്സോടെ തയ്യാറാവുകയും ചെയ്തു.

മാഷ്‌ തന്റെ ഭാര്യയെ തന്റെ അഭിനയം കാണിയ്ക്കാന്‍ ടിക്കറ്റ്‌ എടുത്ത്‌ തിയ്യറ്ററില്‍ കൊണ്ടുപോയി.

സിനിമയില്‍ അങ്ങനെ മുഴുകിയിരുന്ന് ബോറടിച്ച ഭാര്യ സ്ക്രീനില്‍ നിന്ന് മുഖം തിരിച്ച സമയം...

പെട്ടെന്ന് മാഷ്‌ വെപ്രാളപ്പെട്ട്‌ സ്ക്രീനിലേയ്ക്ക്‌ വിരല്‍ ചൂണ്ടിക്കൊണ്ട്‌..

"ദേ..... പോണൂ.... ഞാന്‍....."

"എവിടെ???? എവിടെ????...."ഞെട്ടിത്തിരിഞ്ഞ്‌ സ്ക്രീനിലേയ്ക്ക്‌ നോക്കിക്കൊണ്ട്‌ ഭാര്യ..

"ഇപ്പോത്തന്നെ സ്ക്രീനില്‍ വന്നു... ശ്ശൊ... നീ കണ്ടില്ലേ???... ഇനിയിപ്പോ അടുത്ത ഷോ കാണാം..."

അങ്ങനെ മാഷ്‌ നിരാശനായി അന്ന് മടങ്ങിപ്പോയി.

പിറ്റേന്ന് വീണ്ടും ഭാര്യയുമായി തിയ്യറ്ററിലെത്തി.

"നീ ശ്രദ്ധിച്ചിരിക്കണം... ഇനി കണ്ടില്ലാന്ന് പറയരുത്‌.." മാഷ്‌ വാര്‍ണിംഗ്‌ കൊടുത്തു.

നിര്‍ഭാഗ്യമെന്ന് പറയട്ടെ, ആ സീന്‍ ആയതും ഭാര്യ തുമ്മിയതും ഒരുമിച്ച്‌....

മാഷ്‌ സ്ക്രീനില്‍ ചൂണ്ടിക്കാണിച്ച്‌ കഴിഞ്ഞപ്പോഴാണ്‌ ഭാര്യ തുമ്മല്‍ കഴിഞ്ഞ്‌ തലയുയര്‍ത്തിയത്‌. അപ്പോഴെയ്ക്കും മാഷിന്റെ സീന്‍ കഴിഞ്ഞുപോയിരുന്നു.

ഇത്തവണ മാഷിന്‌ ശരിയ്ക്കും ദേഷ്യം വന്നു.

"നീ എന്ത്‌ കാണാനാടീ വന്നിരിയ്ക്കുന്നത്‌??? മര്യാദയ്ക്ക്‌ നോക്കിയിരിയ്ക്കാന്‍ ഞാന്‍ പറഞ്ഞതല്ലേ..... ഒരു തവണ കൂടി കൊണ്ടുവരും... അതിലും കണ്ടില്ലെങ്കില്‍ നിന്നെ ഞാന്‍..."

(അടുത്ത ദിവസവും മാഷ്‌ ഭാര്യയുമായി തിയ്യറ്ററിലെത്തിയെന്നും ഇത്തവണ ഭാര്യ മാഷെ സ്ക്രീനില്‍ കണ്ടതായി സമ്മതിച്ചെന്നും ജനം പറയുന്നു)

Labels:

10 Comments:

At 3:32 AM, Blogger സൂര്യോദയം said...

സിനിമാഭിനയം.. നാട്ടിലെ ഒരു അഭിനേതാവിനെക്കുറിച്ച്‌ കേട്ടറിഞ്ഞ ഒരു സംഭവം....

 
At 5:25 AM, Blogger Kaithamullu said...

സുബ്രഹ്മണ്യന്‍ മാഷേ, പൂയ്......
(ആദ്യ കമെന്റ്റ് എന്റെ വകയോ?)

 
At 5:38 AM, Blogger ഏറനാടന്‍ said...

ഹ ഹ ഹ ഈ മാഷ്‌ ഇപ്പോ എവിടേണ്‌? ചാലക്കുടീല്‌ തന്നെയാണോ? ഒന്നു കാണാനൊരു പൂതി..

(സിനിമാഭിനയം എന്നു കണ്ടപ്പോള്‍ വല്ല പരിശീലനകളരിയും ആവും എന്നാശിച്ച്‌ ഓടിയെത്തിയത്‌ വെറുതേയായില്ല. ടിക്കറ്റ്‌ മുതലായികിട്ടിട്ടാ)

 
At 6:37 AM, Blogger Kattaalan said...

This comment has been removed by the author.

 
At 6:37 AM, Blogger Kattaalan said...

നമ്മടെ മെഗസ്റ്റാര്‍ മമ്മൂട്ടി പണ്ട് മഹാരാജാസില്‍ പഠിയ്ക്കുന്ന് സമയത്ത് അഭിനയിച്ച ആദ്യസിനിമയായ 'അനുഭവങള്‍ പാളിച്ചകള്‍' എന്ന സിനിമയിലെ ഇത്തരം ഒരു അനുഭവത്തെക്കുരിച്ച് മനോരമയില്‍ 'ഓര്‍മ്മക്കുരിപ്പുകളില്‍' എന്ന പേരില്‍ എഴുതിയിട്ടുണ്ട്...

 
At 7:38 AM, Blogger K.P.Sukumaran said...

കാട്ടാളന്‍ വന്നു പോയോ ... നാരായണ.... നാരായണാ...

 
At 8:28 AM, Blogger Aravishiva said...

അതു കലക്കി :-)

 
At 1:06 AM, Blogger സൂര്യോദയം said...

കൈതമുള്ള്‌, കാട്ടാളന്‍, അരവിശിവ, നാരദന്‍... നന്ദി..

ഏറനാടന്‍... മാഷ്‌ ഇപ്പോഴും ചാലക്കുടിയില്‍ തന്നെ ഉണ്ട്‌.. :-)

 
At 5:32 AM, Blogger ഇടിവാള്‍ said...

ഹഹ!  എല്ലാ നാട്ടിലുമുണ്ടല്ലേ ഇമ്മാതിരി നടികര്‍ തിലകങ്ങള്‍  ! 
ദോ കിടക്കുന്നു
വേറൊരാള്‍ ..  ഞാന്‍ കഴിഞ്ഞ ജൂണില്‍ പോസ്റ്റിയതാ..
ഇപ്പഴൊരു ഡയറക്റ്റ് മാര്‍ക്കറ്റിങ്ങ് കൂടിയായ്‌ക്കോട്ടേ!

 
At 5:46 AM, Blogger സൂര്യോദയം said...

ഇടീ... വായിച്ചു... ഈ സൈസ്‌ ഒരാളെക്കൂടി ഞാനറിയും നാട്ടില്‍ തന്നെ....

എപ്പോ കണ്ണാടി കണ്ടാലും അതില്‍ എത്തി നോക്കും... ഉദാഹരണത്തിന്‌ ഒരു കാര്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന കണ്ടാല്‍ അതിന്റെ മിറര്‍ ഒന്ന് തിരിച്ച്‌ മുഖം നോക്കി മുടി ഒന്ന് സെറ്റപ്പ്‌ ചെയ്തിട്ടേ പുള്ളി പോകൂ...

ഒരിക്കല്‍ വീട്ടില്‍ രാത്രി ഫ്രിഡ്ജിന്റെ ലൈറ്റ്‌ കണ്ട്‌ ചേട്ടന്‍ വന്ന് നോക്കുമ്പോള്‍ ഈ അഭിനയപ്രാന്തനായ അനിയന്‍ മുഖം തണുത്ത കാറ്റ്‌ കൊള്ളിക്കാനായി (ഗ്ലാമര്‍ കൂടാന്‍) ഫ്രിഡ്ജ്‌ തുറന്ന് പിടിച്ചിരിക്കുന്ന കണ്ട്‌ അലറി വിളിച്ചു...

"കേറിപ്പോടാ അകത്ത്‌... കറണ്ട്‌ കാശ്‌ ഞാനാടാ അടയ്ക്കുന്നത്‌.." എന്ന്... :-)

 

Post a Comment

<< Home