മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Tuesday, August 29, 2006

ആല്‍ക്കഹോള്‍ എഫ്ഫക്റ്റ്‌

ക്രിസ്തുമസ്‌, വിഷു, ഓണം, പെരുന്നാള്‍, ഉത്സവം തുടങ്ങിയ സമയങ്ങളില്‍ സിനിമ കാണാന്‍ തീയറ്ററില്‍ പോയാല്‍ ടിക്കറ്റ്‌ കിട്ടാന്‍ തന്നെ കളരി പഠിക്കണം..

അഥവാ കിട്ടിയാല്‍ തന്നെ ഇടി കൂടി ഫ്രീയായി കിട്ടും.

ഇനി തീയറ്ററിനുള്ളില്‍ കയറിപ്പറ്റിയാലോ... നാട്ടുകാരുടെ വയറ്റില്‍ കിടക്കാത്ത കള്ളിന്റെ എഫ്ഫക്റ്റ്‌ ഇരച്ച്‌ തലച്ചോറുവഴി കയറി ഇറങ്ങി വായിലൂടെ പല പ്രൊഡക്റ്റും ബൈപ്രൊഡക്റ്റുമായി റിലീസ്‌ ചെയ്യുന്നത്‌ കാണുകയും കേള്‍ക്കുകയും വേണമല്ലൊ...

ഇതെത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ഞാനും എന്റെ കൂട്ടുകാരും ഒരു വിഷുത്തലേന്ന് തീയറ്ററില്‍ ഇരിക്കുന്നു.

തീയറ്ററിലാണെങ്കിലോ.. കുടിയന്മാരുടെ ആറാട്ട്‌...

കുറച്ച്‌ കഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്ന് ഉറക്കെ ഒരു വിളി...

'എടാ... മരപ്പട്ടീ ....' (ഇങ്ങനെ ഓമനപ്പേരുള്ള പുള്ളിക്കാരന്റെ ഒരു ഇന്റിമേറ്റ്‌ ഗഡി മുന്‍പിലെവിടെയോ ഇരിപ്പുണ്ടത്രെ).

'ഇത്ര സംസ്കാരത്തോടെ വിളിക്കുന്നവനാരെടാ..' എന്നറിയാനുള്ള ജിജ്ഞാസയോടെ ഞാനടക്കമുള്ള കുറെ സംസ്കാരശൂന്യര്‍ തിരിഞ്ഞു നോക്കി.

ഉടനെ ലവന്റെ അടുത്ത കമന്റ്‌..

'ഓ... ഇവിടെ ഇത്ര അധികം മരപ്പട്ടികളുണ്ടെന്ന് ഞാനറിഞ്ഞില്ല...'

Thursday, August 24, 2006

ഓഫീസില്‍ ലേറ്റ്‌..

എറണാകുളത്തേക്ക്‌ സ്ഥിരമായി ട്രെയിന്‍ യാത്ര ചെയ്തിരുന്ന കാലത്ത്‌ (ജോലി വല്ല്യ ആവശ്യമായിട്ടൊന്നുമല്ല... അല്ലെങ്കില്‍ പട്ടിണി കിടക്കേണ്ടി വരുമല്ലോ എന്ന് ഓര്‍ത്തിട്ടാ..) റെയില്‍ വെ സ്റ്റേഷനില്‍ ലേറ്റ്‌ ആയി എത്തുന്നതില്‍ ഞങ്ങളും ട്രെയിനും തമ്മില്‍ എന്നും മല്‍സരമായിരുന്നു.

9.30 ന്‌ ഓഫീസില്‍ എത്തണമെങ്കിലും ഒരു 15 മിനിട്ടെങ്കിലും വൈകാതെ എത്തിപ്പറ്റാന്‍ സാധിക്കാറില്ല എന്നതാണ്‌ വസ്തുത.

എങ്കിലും ചായ വന്ന് പോകുന്നതിന്‌ മുന്‍പ്‌ ഓടികിതച്ച്‌ എത്തുന്ന കണ്ടാല്‍ തോന്നും ചായ കുടിക്കാനാണ്‌ ഓഫീസില്‍ പോകുന്നത്‌ എന്ന്.

എന്റെ സുഹൃത്ത്‌ രാജന്റെ ഓഫീസില്‍ മാനേജര്‍ക്ക്‌ ട്രെയിനിന്റെ കൃത്യത അറിയാമായിരുന്നതിനാല്‍ ഇത്‌ കാര്യമാക്കാറില്ല.

സ്ഥലം മാറ്റം കിട്ടി പോയ മാനേജറുടെ സ്ഥാനത്ത്‌ വന്ന പുതിയ മനേജര്‍ രാജന്‌ തലവേദനയായിത്തീര്‍ന്നു.

ലേറ്റായി എത്തുന്ന രാജനെ നോക്കിയിട്ട്‌ മാനേജര്‍ ക്ലോക്കിലേക്ക്‌ ഒന്ന് നോക്കും... (അത്രയേ ഉള്ളൂ... വേറെ ശല്ല്യം ഒന്നും ഇല്ല).

'ഇയാളെന്താ... ക്ലോക്ക്‌ ആദ്യമായി കാണുന്നതാണോ' എന്ന് മനസ്സില്‍ പറഞ്ഞ്‌ രാജന്‍ സീറ്റില്‍ പോയി ഇരിക്കും.

എന്നാല്‍ ഇങ്ങേരുടെ വിഷമം തീര്‍ത്തിട്ട്‌ തന്നെ എന്ന് രാജന്‍ തീര്‍ച്ചയാക്കി.

അടുത്ത ദിവസം ഇതു പോലെ ക്ലോക്കിലേക്ക്‌ എത്തി നോക്കുന്ന മാനേജറോട്‌ രാജന്റെ പുഞ്ചിരിച്ചു കൊണ്ടുള്ള ചോദ്യം..

'സാര്‍ ഇന്ന് നേരത്തെ എത്തിയോ?'

'ങാ..' എന്ന് തീരെ രസമില്ലാത്ത രീതിയില്‍ പറഞ്ഞ മാനേജറോട്‌ രാജന്റെ അടുത്ത അന്വേഷണം..

'ചായ വന്ന് പോയോ സാര്‍..'

Wednesday, August 23, 2006

പോയിട്ട്‌ തിരക്കുണ്ട്‌...

രാജുചേട്ടന്റെ 'ശ്രീപാര്‍വ്വതി' ഓട്ടോറിക്ഷ നാട്ടില്‍ വളരെ പ്രശസ്തമാണ്‌.

പുതിയ മൂട്ട പോലുള്ള ഇനം ഓട്ടോ ഇറങ്ങിയിട്ടും പുള്ളിക്കാരന്‍ തന്റെ കുതിരസവാരി എഫ്ഫക്റ്റ്‌ ഉള്ള പഴയ വണ്ടി തന്നെ നാട്ടില്‍ സേവനത്തിനായി ഉപയോഗിച്ചു പോന്നു.

കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അവനവന്‌ തന്നെ സഹിക്കാന്‍ പറ്റാത്ത സ്ഥിതി വന്നപ്പോള്‍ അത്‌ പാട്ട വിലക്ക്‌ കൊടുത്തോ അതോ കളഞ്ഞോ മറ്റോ പുതിയ ഓട്ടോ റിലീസ്‌ ചെയ്തു.

ചേനത്തുനാട്‌ റോഡിലെ ഒാരോ ചെറിയ ചെറിയ ഗട്ടറുകളെയും ബഹുമാനിച്ച്‌, ടയറിനും ഗട്ടറിനും നോവാതെ പതുക്കെ ഇറക്കി കയറ്റി 1.5 കി.മീ. പെര്‍ അവറിലാണ്‌ പോക്ക്‌...

ഒരു ദിവസം പുള്ളി ആശുപത്രിക്കവലയില്‍ ഓട്ടോ സ്റ്റാന്റിലേക്ക്‌ പോകുന്ന വഴിക്ക്‌ സുഹൃത്തായ അയ്യപ്പന്‍ ചേട്ടന്‍ നടന്നു പോകുന്ന കണ്ടപ്പോള്‍ ചോദിച്ചു...

'അയ്യപ്പാ... കയറ്‌... കവലയില്‍ ഇറക്കാം...'

ഉടനെ അയ്യപ്പന്‍ ചേട്ടന്റെ മറുപടി..

'വേണ്ടാ... എനിക്ക്‌ പോയിട്ട്‌ തിരക്കുണ്ട്‌..'

Tuesday, August 22, 2006

ഹംബ്‌ എഹെഡ്‌

ചിലവാക്കാനാവാത്ത കുറച്ച്‌ സമയം ഉണ്ടെന്ന് കണ്ടാല്‍ ഉടന്‍ അതിരപ്പിള്ളിക്ക്‌ വച്ച്‌ പിടിക്കലാണ്‌ ചാലക്കുടിക്കാരായ മിക്ക യംഗ്‌ ഗഡീസിന്റെയും പൊതുവായ ഒരു രീതി.

കുറച്ചു കാലം മുന്‍പ്‌ (ഞങ്ങള്‍ സീസണ്‍ ടിക്കറ്റ്‌ സന്ദര്‍ശകരാകുന്നതിന്‌ മുന്‍പ്‌) വെറുതേ ഇരുന്ന് മടുത്തപ്പോള്‍ പെട്രോള്‍ കാശ്‌ ഒപ്പിച്ച്‌ ഞാനും ജീയോയും കൂടി നേരെ അതിരപ്പിള്ളിക്ക്‌ വിട്ടു.

ചാര്‍പ്പ വെള്ളച്ചാട്ടത്തിന്റെ മുന്‍പിലുള്ള പാലം എത്താറായതും 'ഹംബ്‌ എഹെഡ്‌' എന്ന ബോര്‍ഡ്‌ വായിച്ചുകൊണ്ട്‌ ജീയോ ബൈക്കില്‍ നിന്ന് തെറിച്ച്‌ നിലത്ത്‌ ലാന്റ്‌ ചെയ്തതും ഒരുമിച്ച്‌.

കറക്ട്‌ സ്പോട്ടില്‍ ബോര്‍ഡ്‌ സ്ഥാപിച്ച അധികാരികളെ മറുഭാഷയില്‍ പ്രശംസിച്ച്‌ മൂടും തട്ടി ഓടി വന്ന് ജീയോ ബൈക്കിന്റെ പുറകില്‍ വീണ്ടും കയറി.