മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Thursday, September 14, 2006

മലയാളഭാഷ തന്നെ കേമം

വീടിന്നടുത്തുള്ള ജയറാം ചേട്ടന്റെ ഇപ്പോഴത്തെ ഇംഗ്ലീഷ്‌ ഭാഷാ പ്രാവീണ്യം കണ്ട്‌ അന്തിച്ച്‌ നിന്ന എന്നോട്‌ ഒരിക്കല്‍ മധുച്ചേട്ടന്‍ പറഞ്ഞു.

'ഭാഷ ഉപയോഗിക്കാനുള്ള ധൈര്യം ആണ്‌ പ്രധാനം... പണ്ട്‌ ഇംഗ്ലീഷ്‌ ഒരു പിടിയും ഇല്ലാതിരുന്ന കാലത്തും ജയറാം അത്‌ ഉപയോഗിക്കാന്‍ ധൈര്യം കാട്ടിയിരുന്നു.'

സതേണ്‍ കോളേജ്‌ ഗ്രൗണ്ടില്‍ ക്രിക്കറ്റ്‌ മാച്ച്‌ കളിക്കാന്‍ ചെല്ലുമ്പോള്‍ ഇംഗ്ലീഷ്‌ മാത്രം അറിയുന്ന ലവന്മാരോട്‌ സംസാരിച്ചിരുന്നത്‌ ജയറാം ആയിരുന്നത്രെ.

സ്വന്തം ടീമില്‍ കളിക്കുന്ന ആളുകളെ എതിര്‍ടീമിന്‌ വിവരിച്ചു കൊടുത്തത്‌

'ഐ പ്ലെ, യു പ്ലെ, അണ്ടര്‍ ദ ട്രീ പ്ലെ' (അതായത്‌, ഞാന്‍, തൊട്ടടുത്ത്‌ നില്‍ക്കുന്നവന്‍, മരത്തിന്നടിയില്‍ നില്‍ക്കുന്നവന്‍ തുടങ്ങിയവരൊക്കെ ടീമിലുണ്ട്‌ എന്ന്)

അങ്ങനെ ഇംഗ്ലീഷ്‌ ഭാഷയെക്കുറിച്ച്‌ അല്‍പം ബഹുമാനം തോന്നിയ എന്നോട്‌ ഒരിക്കല്‍ എന്റെ കൃഷിക്കാരനായ അമ്മാമന്‍ ആ ഭാഷയുടെ സ്ഥിരതയില്ലായ്മയെക്കുറിച്ച്‌ ചോദിച്ചതിങ്ങനെ..

'എന്തൂട്ട്‌ ഭാഷയാടാ ഇത്‌... എന്ത്‌ തോന്ന്യവാസോം പറയാം എന്നോ... ഉദാഹരണത്തിന്‌ നോക്ക്‌... പൂച്ച എന്ന വാക്ക്‌ സി എ ടി എന്ന് എഴുതും, കാറ്റ്‌ എന്ന് വായിക്കും, പൂച്ച എന്ന് അര്‍ത്ഥം... മലയാളം നോക്ക്‌... പൂച്ച എന്ന് എഴുതും, പൂച്ച എന്ന് വായിക്കും, പൂച്ച എന്ന് തന്നെ അര്‍ത്ഥം..'

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര

ശ്രീകൃഷ്ണ ജയന്തി ദിനത്തോടനുബദ്ധിച്ച ഘോഷയാത്രയില്‍ നിന്നൊരു ഏട്‌...

ആരാണ്‌ നായികയെന്ന് ചോദിക്കരുത്‌... എഴുതിയാല്‍ കൊന്നുകളയുമെന്നും മറ്റുചിലത്‌ ചെയ്തുകളയുമെന്നും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആളെ പറയുന്നില്ല....

സംഭവം നായിക രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍....

ലവള്‍ ലോക നര്‍ത്തകിയായിത്തീരും എന്ന് പ്രതീക്ഷിച്ചിട്ടോ അതോ തീറ്റ എല്ലിന്നിടയില്‍ കുത്തിയതുകൊണ്ടോ എന്നറിയില്ല, ചെറുപ്പത്തിലേ തന്നെ തുള്ളാട്ടം പഠിച്ചുതുടങ്ങിയത്രെ.

ആടിത്തിമിര്‍ത്തിരുന്ന സ്ഥിരം വേഷം കൃഷ്ണന്റെ ആയിരുന്നതിനാല്‍ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ സ്ഥിരം കുറ്റിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ....

അങ്ങനെ ചായം മുഴുവന്‍ തേച്ച്‌ സര്‍വ്വാഭരണ വിഭൂഷിതയായി ഘോഷയാത്രാ വാഹനത്തില്‍ നില്‍ക്കുകയാണ്‌ നായിക. നായികയുടെ ചേച്ചിയുടേതുള്‍പ്പെടെ അര്‍ജ്ജുനന്‍ ഇത്യാതി വേഷങ്ങളും നിരന്ന് നില്‍പ്പുണ്ട്‌.

ഘോഷയാത്ര നഗരം മുഴുവന്‍ വലം വച്ച്‌ മന്ദം മന്ദം നീങ്ങിക്കൊണ്ടിരിക്കുന്നു.....

കുറേ കഴിഞ്ഞപ്പോള്‍ നായികയ്ക്‌ മൂത്രശങ്ക....

വണ്ടിക്ക്‌ സൈഡിലൂടെ തന്നെ നായികാ പിതാവ്‌ നടപ്പുണ്ട്‌....

'അച്ഛാ... എനിക്ക്‌ മൂത്രമൊഴിക്കണം...'

'ഇപ്പോ എത്തും മോളെ...'

എത്ര നീങ്ങിയിട്ടും വണ്ടി സമാപനമൈതാനിയില്‍ എത്തുന്നില്ല...

നേരെ നില്‍ക്കേണ്ട കൃഷ്ണന്‍ സൈഡ്‌ തിരിഞ്ഞ്‌ അച്ഛനെ നോക്കി ഒരേ ഡയലോഗ്‌... 'മൂത്രമൊഴിക്കണം...'

ഒരുകണക്കിന്‌ മൈതാനമെത്തി എല്ലാവരും കയറിത്തുടങ്ങിയപ്പോള്‍ അതാ കൃഷ്ണനെ എടുത്തുകൊണ്ട്‌ അച്ഛന്‍ സൈഡിലേക്ക്‌ ഓടുന്നു.

Monday, September 11, 2006

എനിക്ക്‌ കിട്ടിയ ചൂരല്‍ മിഠായി

ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴത്തെ ഒരു സംഭവം.

സ്കൂളില്‍ മൊത്തത്തില്‍ കുത്തിവയ്പ്‌ എടുക്കുന്ന സമയം.

ആ സ്കൂളില്‍ തന്നെ മുതിര്‍ന്ന ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന അമ്മയ്ക്ക്‌ എന്നാണ്‌ അവിടെ കുത്തിവയ്പ്‌ കൊടുക്കുന്നത്‌ എന്ന് അറിയാം. എനിക്ക്‌ സമയാസമയം ആശുപത്രിയില്‍ കൊണ്ടുപോയി പ്രതിഫലം തരാതെ സൂചി കയറ്റിയിട്ടുള്ളതിനാല്‍ 'സ്കൂളിലെ സൂചികയറ്റല്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലാ' എന്ന് അമ്മ പ്രത്യേകം പറഞ്ഞ്‌ മനസ്സിലാക്കിതന്നിരുന്നതാണ്‌.

അന്ന് കുത്തിവയപ്‌ ദിനം....

കുത്തിവയ്പ്‌ മുന്‍പ്‌ എടുക്കാത്തവര്‍ ആരെല്ലാമാണെന്ന് ചോദിച്ചറിഞ്ഞ്‌ ക്ലാസ്സ്‌ ടീച്ചര്‍ കുട്ടികളെ വരിവരിയായി നിര്‍ത്തി ക്ലാസ്സില്‍ നിന്ന് കൊണ്ടുപോയി.

ഞാനും ബഷീറും മാത്രം ക്ലാസ്സില്‍ ബാക്കി.

ജനാലിലൂടെ നോക്കിയപ്പോള്‍ ഒരു സംഭവം മനസ്സിലായി. എല്ലാ കുട്ടികളും മിഠായി തിന്നുകൊണ്ട്‌ തിരിച്ച്‌ പോകുന്നു.

'ഹായ്‌.. ഇത്‌ കൊള്ളാല്ലോ.... ഇഞ്ചക്ഷന്‍ കഴിഞ്ഞാല്‍ രണ്ട്‌ മിഠായി ഫ്രീ..' എനിക്ക്‌ അല്‍പം നിരാശ ബാധിച്ചു.

അപ്പോഴും ബഷീര്‍ ഹാപ്പി തന്നെ. മിഠായിയെക്കാള്‍ എത്രയോ വലുതാണ്‌ നുണ പറഞ്ഞ്‌ ആ സൂചിയില്‍ നിന്ന് രക്ഷപ്പെടല്‍..

കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഹെഡ്‌ മാസ്റ്റര്‍ (കണ്ടന്‍ മാസ്റ്റര്‍) ഒരു ചൂരലുമായി പതിവുപോലെ റൗണ്ട്സിന്‌ ഇറങ്ങി.
(തടിച്ച്‌ പൊക്കം കുറഞ്ഞ്‌ ഉണ്ടക്കണ്ണും കഷണ്ടിത്തലയുമായ ഒരു വില്ലന്‍ രൂപം... പുള്ളി വല്ലതും ചോദിച്ചാലേ കുട്ടികള്‍ക്ക്‌ ട്രൗസര്‍ നനയും)

ഞണ്ടളുടെ ക്ലാസ്സില്‍ കയറി വന്ന മാഷ്‌ ചോദിച്ചു.

'എന്തേ... നിങ്ങള്‍ വീട്ടില്‍ നിന്ന് ഇഞ്ചക്ഷന്‍ എടുത്തതാണോ?'

ബഷീറിന്‌ ഒരു സംശയവുമില്ല. അവന്‍ ഫുള്‍ സ്പ്പീഡില്‍ തലയാട്ടി.

'താനോ?' എന്നെ നോക്കി ചോദിച്ചു.

എന്റെ മനസ്സില്‍ ആകെ ഒരു കണ്‍ഫിയൂഷന്‍....

'അതെ' എന്ന് പറഞ്ഞാല്‍ മിഠായി കിട്ടില്ല. 'അല്ല' എന്ന് പറഞ്ഞാല്‍ മിഠായി കിട്ടും, പക്ഷെ എന്റെ ക്ലാസ്സിന്റെ വരിയില്‍ തപ്പിപ്പിടിച്ച്‌ പോയി നിന്ന് സൂചി കയറ്റുകയും വേണം. മാത്രമല്ല, അമ്മയോട്‌ അനുസരണക്കേട്‌ കാണിക്കലാവില്ലേ???...' 'ഈ കണ്ടന്‍ പൂച്ച അമ്മയോടെങ്ങാന്‍ ചോദിച്ചാല്‍ പ്രശ്നമാവില്ലേ?' തുടങ്ങിയ ചിന്തകള്‍ ഓരോന്നായി മനസ്സിലൂടെ കയറി ഇറങ്ങിക്കൊണ്ടിരുന്നു.

എന്റെ കുട്ടിമനസ്സിന്റെ സ്പീഡ്‌ കുറവുകൊണ്ട്‌ 'വീട്ടില്‍ ഇഞ്ചക്ഷന്‍ എടുത്തതാണോടാ..?' എന്ന ചോദ്യം ഒരു അഞ്ച്‌ ആറു പ്രാവശ്യം ചോദിച്ചെങ്കിലും എന്റെ മനസ്സിലെ പ്രോസസ്സിംഗ്‌ തീരാത്തതിനാല്‍ എന്നില്‍ നിന്ന് ഉത്തരം ഒന്നും ഉണ്ടായില്ല.

(പ്രൊസസ്സിംഗ്‌ എന്ന *അരിനാഴി സിഗ്നല്‍ മുഖത്ത്‌ വന്നില്ല... കാരണം കമ്പ്യൂട്ടര്‍ അന്ന് അത്ര പ്രചാരത്തിലില്ല എന്ന് തോന്നുന്നു)

'ചോദിച്ചതിന്‌ ഉത്തരം പറയടാ..' എന്ന് ഗര്‍ജ്ജിച്ച്‌ കൊണ്ട്‌ കയ്യിലുള്ള ചൂരല്‍ എന്റെ ചന്തിക്കിട്ട്‌ ഒരു വീശ്‌...

'ഠപേ..' എന്ന് ട്രൗസറില്‍ അടി വീഴലും 'അമ്മ ഇഞ്ചക്ഷന്‍ എടുക്കേണ്ടാ എന്ന് പറഞ്ഞിട്ടുണ്ട്‌ സാറേ...' എന്ന് ഉള്ളില്‍ നിന്ന് ഔട്ട്‌ പുട്ട്‌ നിലവിളി രൂപത്തില്‍ പുറത്ത്‌ വരലും ഒരുമിച്ചായിരുന്നു.

'അല്ലാ പിന്നെ..' എന്ന് പറഞ്ഞ്‌ ഹാങ്ങ്‌ ആയ കമ്പ്യൂട്ടര്‍ റീസെറ്റ്‌ ചെയ്ത സന്തോഷത്തോടെ സാറ്‌ തിരിച്ചു പോയി.

മിഠായി തിന്ന് കൊണ്ട്‌ കുട്ടികള്‍ ക്ലാസ്സിലേക്ക്‌ കയറിവരുന്നത്‌ ഞാന്‍ കൊതിയോടെ നോക്കി ഇരുന്നു.


*അരിനാഴി സിഗ്നല്‍ എന്ന് ഉദ്ധേശിച്ചത്‌ കമ്പ്യൂട്ടറില്‍ പ്രോസസ്സിംഗ്‌ നടക്കുമ്പോല്‍ കാണുന്ന Hour Glass ആണ്‌.