മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Tuesday, June 12, 2007

സിനിമാതിയ്യറ്റര്‍ (ഗുണപാഠം)

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌.... ചാലക്കുടിയില്‍ ഇറങ്ങുന്ന എല്ലാ സിനിമകളും കൃത്യമായി കണ്ടിരുന്ന കാലം... (എനിക്ക്‌ തിയ്യറ്റര്‍ ഉടമകള്‍ ഓണത്തിനും ക്രിസ്തുമസ്സിനും ബോണസ്സ്‌ നല്‍കാറുണ്ടെന്ന് വരെ ചില സുഹൃത്തുക്കള്‍ പറഞ്ഞ്‌ പരത്തിയിരുന്നു) സുഹൃത്തുക്കളോടൊപ്പം സെക്കന്‍ഡ്‌ ഷോ കണ്ടുകൊണ്ടിരിക്കുന്നു.. (സിനിമ ഏതെന്ന് ഓര്‍മ്മയില്ല)

സിനിമാപ്രദര്‍ശനം നടന്നുകൊണ്ടിരിക്കുമ്പോള്‍ മുന്‍ വശത്ത്‌ നിന്ന് ഏതോ ഒരു ചെറിയ കുട്ടി (കൈക്കുഞ്ഞ്‌ ആണെന്ന് തോന്നുന്നു) നിര്‍ത്താതെ കരയുന്നു.

നമ്മളെപ്പോലെ ക്ഷമയും സംസ്കാരവും (അതെന്തുമാവട്ടെ) ഉള്ളവരാകണമെന്നില്ലല്ലോ ഒരു തിയ്യറ്ററില്‍ വരുന്ന എല്ലാവരും...

കുട്ടിയുടെ കരച്ചില്‍ കേട്ട്‌ സഹികെട്ട ഏതോ ഒരുവന്‍ വിളിച്ചു പറഞ്ഞു...

"ചേച്ചീ.... ആ കുട്ടീടെ വായില്‍ പാല്‍കുപ്പി വച്ച്‌ കൊടുക്ക്‌..."

ഇത്‌ കേട്ട്‌ അഭിമാനക്ഷതമേറ്റ ചേച്ചിയുടെ ഭര്‍ത്താവ്‌ (ആയിരിയ്ക്കും) ദേഷ്യത്തോടെ തിരിച്ച്‌...

"ആരാടാ അത്‌..... എന്താടാ???... തോന്ന്യാസം പറയുന്നോ???"

ഉടനെ ഉത്തരവും വന്നു...

"ങാ... അതു ശരീ.... എന്നാപിന്നെ ആ ചേട്ടന്റെ വായിലും വച്ച്‌ കൊടുക്ക്‌...."

മറ്റുള്ളവരുടെ കൂട്ടച്ചിരിയും ചേട്ടന്റെ നിശബ്ദതയും ബാക്കി....

അന്ന് മനസ്സിലാക്കിയ ഗുണപാഠം...

ഭാവിയില്‍ കല്ല്യാണോം കഴിഞ്ഞ്‌ നിയന്ത്രണവിധേയമല്ലാതെ കരയാന്‍ സാദ്ധ്യതയുള്ള കുട്ടിയുമായി പോകുകയാണേല്‍......

Labels:

Monday, June 11, 2007

സിനിമാഭിനയം

കലാഭവന്‍ മണി ഒന്ന് വളര്‍ന്ന് പൊന്തുന്നതിനും മുന്‍പ്‌ തന്നെ ഞങ്ങളുടെ പരിസരത്ത്‌ സിനിമാ അഭിനയത്തിന്‌ വന്‍ താല്‍പര്യവും അതിനായി ചെലവഴിയ്ക്കാന്‍ സമയവും ഒരുപാടുള്ള ചിലരെങ്കിലും ഉണ്ടായിരുന്നു.

കുറേ കാലം പല ഷൂട്ടിംഗ്‌ സെറ്റുകളിലും കറങ്ങിനടന്നിട്ടും ചില സൈഡ്‌ സീനുകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നല്ലാതെ സിനിമ റിലീസ്‌ ആകുമ്പോള്‍ അതിലൊന്നും മുഖം പോയിട്ട്‌ കയ്യോ കാലോ പോലും പ്രത്യക്ഷപ്പെട്ടിരുന്നില്ല... അഥവാ പ്രത്യക്ഷപ്പെടാതിരിയ്ക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഈ അഭിനയപ്രതിഭകളില്‍ ഒരാളാണ്‌ സുബ്രഹ്മണ്യന്‍ മാഷ്‌...

സംഗീതാദ്ധ്യാപകനാണെങ്കിലും അതിന്റെ യാതൊരു അഹങ്കാരവുമില്ലാതെ എല്ലാ അണ്ടനേയും അടകോടനേയും ഓരിയിടാന്‍ പഠിപ്പിച്ചിരുന്നു. (അണ്ടനേയും അടകോടനേയും എന്ന പദങ്ങളും ഓരിയിടാന്‍ എന്ന പ്രയോഗവും ഞാനുപയോഗിച്ചത്‌ അസ്തമയന്‍ പോലും ഇദ്ദേഹത്തിന്റെ കീഴില്‍ കുറച്ചുകാലം സംഗീതം അഭ്യസിച്ചിരുന്നു എന്നതിനാലാണ്‌).

അങ്ങനെ മാഷ്‌ അഭിനയിച്ച ഒരു സിനിമ ചാലക്കുടിയില്‍ റിലീസായി.
'സാമൂഹ്യപാഠം' എന്നോ മറ്റോ ആയിരുന്നു പേരെന്ന് തോന്നുന്നു. പൊതുവേ സാമൂഹ്യപാഠം എന്ന വിഷയം സ്കൂളില്‍ തന്നെ വല്ല്യ താല്‍പര്യമില്ലാതിരുന്ന ആളുകള്‍ സിനിമയായും ഇത്‌ വന്നാല്‍ ആ ഭാഗത്തേയ്ക്ക്‌ പോകുമോ?

പക്ഷെ, വഴിയില്‍ കാണുന്നവരേയും നാട്ടുകാരേയും വീട്ടുകാരേയും മാഷ്‌ തീയ്യറ്ററിലേയ്ക്ക്‌ ഓടിച്ചുകയറ്റുകയോ സ്പോണ്‍സര്‍ ചെയ്യുകയോ ചെയ്തു.

സിനിമാതിയ്യറ്ററിന്റെ വാതില്‍ പുറത്ത്‌ നിന്ന് പൂട്ടില്ലെന്ന ധൈര്യത്തില്‍ മാത്രം പലരും ആ സാഹസത്തിന്‌ മനസ്സില്ലാമനസ്സോടെ തയ്യാറാവുകയും ചെയ്തു.

മാഷ്‌ തന്റെ ഭാര്യയെ തന്റെ അഭിനയം കാണിയ്ക്കാന്‍ ടിക്കറ്റ്‌ എടുത്ത്‌ തിയ്യറ്ററില്‍ കൊണ്ടുപോയി.

സിനിമയില്‍ അങ്ങനെ മുഴുകിയിരുന്ന് ബോറടിച്ച ഭാര്യ സ്ക്രീനില്‍ നിന്ന് മുഖം തിരിച്ച സമയം...

പെട്ടെന്ന് മാഷ്‌ വെപ്രാളപ്പെട്ട്‌ സ്ക്രീനിലേയ്ക്ക്‌ വിരല്‍ ചൂണ്ടിക്കൊണ്ട്‌..

"ദേ..... പോണൂ.... ഞാന്‍....."

"എവിടെ???? എവിടെ????...."ഞെട്ടിത്തിരിഞ്ഞ്‌ സ്ക്രീനിലേയ്ക്ക്‌ നോക്കിക്കൊണ്ട്‌ ഭാര്യ..

"ഇപ്പോത്തന്നെ സ്ക്രീനില്‍ വന്നു... ശ്ശൊ... നീ കണ്ടില്ലേ???... ഇനിയിപ്പോ അടുത്ത ഷോ കാണാം..."

അങ്ങനെ മാഷ്‌ നിരാശനായി അന്ന് മടങ്ങിപ്പോയി.

പിറ്റേന്ന് വീണ്ടും ഭാര്യയുമായി തിയ്യറ്ററിലെത്തി.

"നീ ശ്രദ്ധിച്ചിരിക്കണം... ഇനി കണ്ടില്ലാന്ന് പറയരുത്‌.." മാഷ്‌ വാര്‍ണിംഗ്‌ കൊടുത്തു.

നിര്‍ഭാഗ്യമെന്ന് പറയട്ടെ, ആ സീന്‍ ആയതും ഭാര്യ തുമ്മിയതും ഒരുമിച്ച്‌....

മാഷ്‌ സ്ക്രീനില്‍ ചൂണ്ടിക്കാണിച്ച്‌ കഴിഞ്ഞപ്പോഴാണ്‌ ഭാര്യ തുമ്മല്‍ കഴിഞ്ഞ്‌ തലയുയര്‍ത്തിയത്‌. അപ്പോഴെയ്ക്കും മാഷിന്റെ സീന്‍ കഴിഞ്ഞുപോയിരുന്നു.

ഇത്തവണ മാഷിന്‌ ശരിയ്ക്കും ദേഷ്യം വന്നു.

"നീ എന്ത്‌ കാണാനാടീ വന്നിരിയ്ക്കുന്നത്‌??? മര്യാദയ്ക്ക്‌ നോക്കിയിരിയ്ക്കാന്‍ ഞാന്‍ പറഞ്ഞതല്ലേ..... ഒരു തവണ കൂടി കൊണ്ടുവരും... അതിലും കണ്ടില്ലെങ്കില്‍ നിന്നെ ഞാന്‍..."

(അടുത്ത ദിവസവും മാഷ്‌ ഭാര്യയുമായി തിയ്യറ്ററിലെത്തിയെന്നും ഇത്തവണ ഭാര്യ മാഷെ സ്ക്രീനില്‍ കണ്ടതായി സമ്മതിച്ചെന്നും ജനം പറയുന്നു)

Labels: