മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Thursday, June 26, 2008

മിസ്സ്ഡ്‌ കോളും കാറിലെ പാട്ടും

സംഗതി റിട്ടയേര്‍ഡ്‌ പ്ലസ്‌ ടു പ്രധാന അദ്ധ്യാപികയൊക്കെയാണെങ്കിലും എന്റെ മാതാശ്രീ അബദ്ധങ്ങളും മണ്ടത്തരങ്ങളും കാണിക്കുന്നതില്‍ PHD യ്ക്ക്‌ പഠിക്കുകയാണ്‌...

കുറച്ച്‌ നാള്‍ മുന്‍പ്‌ എന്റെ ഫോണില്‍ വിളിയ്ക്കുമ്പോള്‍ ഒരു പാട്ട്‌ കേള്‍ക്കുന്നതായി അനിയന്‍ റിപ്പോര്‍ട്ട്‌ ചെയ്തു. 'ദൈവമേ.. റിംഗ്‌ ടോണ്‍ സബ്സ്ക്രൈബ്‌ ചെയ്യാതെ തന്നെ ഇവന്മാര്‍ സെറ്റ്‌ ചെയ്തോ?' എന്ന് വിചാരിച്ച്‌ ടെന്‍ഷനിടിച്ചിരിയ്ക്കുമ്പോള്‍ ഒരു മെസ്സേജ്‌ വന്നു. 'നിങ്ങല്‍ ഇപ്പോള്‍ ട്യൂണ്‍ സര്‍വ്വീസിന്റെ ഫ്രീ ട്രയല്‍ പിരീഡിലാണ്‌.. വേണമെങ്കില്‍ സ്ഥിരമായി ഇഷ്ടമുള്ള ടോണ്‍ തിരഞ്ഞെടുക്കാം... മാസം 30 രൂപ അധികം നല്‍കണം..' എന്ന്..


'ഓ.. ഇനി ഏത്‌ പാട്ട്‌ ഇടണം... ആരൊക്കെ വിളിച്ചാല്‍ ഏതൊക്കെ പാട്ട്‌ ആപ്റ്റ്‌ ആയിരിയ്ക്കും.. ഇതൊക്കെ ആലോചിച്ച്‌ ടെന്‍ഷനടിയ്ക്കാന്‍ വയ്യ' എന്ന കാരണത്താല്‍ (30 രൂപ അധികം കൊടുക്കാനുള്ള മടിയാണ്‌ എന്ന് അസൂയാലുക്കള്‍ പറയുമെങ്കിലും) ആ മെസ്സേജ്‌ കിട്ടിയപാടേ അങ്ങ്‌ ഡിലീറ്റ്‌ ചെയ്തു.

അപ്പോഴാണ്‌ അനിയന്‍ വിളിച്ച്‌ മറ്റൊരു കാര്യം അറിയിച്ചത്‌...

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മിസ്സ്ഡ്‌ കോള്‍ ചെയ്താല്‍ ഞാന്‍ തിരിച്ച്‌ വിളിച്ചോളാമെന്ന് പണ്ടേ ശട്ടം കെട്ടിയിരുന്നതിനാല്‍ അമ്മ എന്നെ പതിവുപോലെ മിസ്സ്ഡ്‌ കോള്‍ ചെയ്തു. അമ്മയുടെ മിസ്സ്ഡ്‌ കോള്‍ എന്ന് പറഞ്ഞാല്‍ ഒരു മൂന്ന് പ്രാവശ്യമെങ്കിലും റിംഗ്‌ ചെയ്യണം എന്നതാണ്‌. ഇത്തവണ റിങ്ങിനു പകരം പതിവിലും വിപരീതമായി എന്റെ മൊബൈലില്‍ പാട്ട്‌ കേട്ട്‌ അമ്മ പറഞ്ഞു അത്രേ..

"അവന്‍ കാറില്‍ പാട്ട്‌ വച്ചിരിയ്ക്ക്യാണെന്ന് തോന്നുന്നു..."