മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Monday, May 07, 2007

വിവാഹാലോചന

3 മാസത്തെ ജപ്പാനിലെ പ്രൊജക്റ്റ്‌ കഴിഞ്ഞ്‌ തിരിച്ചെത്തിയ എന്റെ ഒരു സുഹൃത്തുമായി നടന്ന ഒരു ചെറിയ കുശലാന്വേക്ഷണം...

ജപ്പാന്‍ വിശേഷങ്ങളൊക്കെ കഴിഞ്ഞ്‌ ഞാന്‍ മറ്റ്‌ വിഷയങ്ങളിലേക്ക്‌ കടന്നു..

"എന്തായി??? കല്ല്യാണാലോചനകളൊക്കെ നടക്കുന്നുണ്ടോ?" ഞാന്‍ ചോദിച്ചു.

"പിന്നില്ലാതെ.... ആലോചനയ്ക്കൊന്നും ഒരു കുറവും ഇല്ല... പക്ഷെ, നമ്മള്‍ വിചാരിച്ച പോലൊന്നുമല്ല കാര്യങ്ങള്‍..." അവന്‍ പറഞ്ഞു.

"അതെന്തുപറ്റീ ???..."

"പല മാര്യേജ്‌ സൈറ്റുകളിലും രെജിസ്റ്റര്‍ ചെയ്തിരുന്നു. ആദ്യം ഒരു കേസ്‌ വന്നു. ഞാനതു നിഷ്കരുണം തള്ളിക്കളഞ്ഞു... നമ്മള്‍ ജപ്പാനിലൊക്കെ പോയി പ്രൊജക്റ്റ്‌ ചെയ്ത വല്ല്യ പുള്ളിയല്ലേ... ഇതൊക്കെ ചീള്‌ കേസ്‌ എന്നതായിരുന്നു അപ്പോഴത്തെ ഒരു മനോവിചാരം..."

"എന്നിട്ട്‌... ഇപ്പോ എന്ത്‌ സംഭവിച്ചു, അത്‌ പറ"

"അതിനുശേഷം ഉണ്ടായ നാല്‌ പ്രൊപ്പോസല്‍സിലും പെണ്‍കുട്ടികളുടെ ഭാഗത്ത്‌ നിന്ന് എന്നെ തള്ളിക്കളഞ്ഞു.... അപ്പോഴല്ലേ നമ്മുടെ ആ റേഞ്ച്‌ മനസ്സിലായത്‌..." വിഷമത്തോടുകൂടിയുള്ള സുഹൃത്തിന്റെ കമന്റ്‌...

"സാരമില്ലെന്നേ... ഇനി അവനവനെക്കുറിച്ച്‌ നല്ല ബോധത്തോടെ വീണ്ടും ശ്രമിച്ചാല്‍ മതി..." എന്റെ വക സമാശ്വാസശ്രമം.

"വല്ല്യ ബുദ്ധിമുട്ടാണെന്നേ... ഈ ജാതകം കൂടി നോക്കുമ്പോള്‍ കാര്യങ്ങള്‍ എല്ലാം ഒത്ത്‌ വരാന്‍ വല്ല്യ വിഷമം.."

"എന്നാപ്പിന്നെ ജാതകം വേണ്ടെന്ന് വയ്ക്കണം.." ഞാന്‍ ഉപദേശിച്ചു.

"ഹേയ്‌ ജാതകം നോക്കാതെ ഒന്നും ശരിയാവില്ലെന്നാ എന്റെ ഒരു കസിന്‍ ബ്രദര്‍ പറയുന്നേ... പുള്ളി പറഞ്ഞത്‌ അങ്ങേരുടെ മൂന്ന് കല്ല്യാണത്തിനും ജാതകം ശരിയ്ക്ക്‌ നോക്കി അത്രേ..."

"എന്ത്‌... മൂന്ന് കല്ല്യാണത്തിനും എന്ന് വച്ചാല്‍??"

"അതേ.. മൂന്നാമത്തെ തന്നെ...ഈയടുത്താണ്‌ പുള്ളി മൂന്നാമത്തെ കല്ല്യാണം കഴിച്ചത്‌.. മുന്‍പത്തെ രണ്ടും ഡൈവോര്‍സ്‌ ആയി.."

Labels:

Wednesday, May 02, 2007

ചോക്ക്‌ ലേറ്റ്‌

രണ്ട്‌ വയസ്സുള്ള എന്റെ മോള്‍ക്ക്‌ ചോക്ക്‌ ലേറ്റ്‌ അധികം കൊടുത്ത്‌ പല്ല് ചീത്തയാവാതെ നോക്കേണ്ടതിന്റെ അത്യാവശ്യകത എന്റെ അനിയത്തിയുടെ മോന്റെയും ഭാര്യയുടെ ചേച്ചിയുടെ മോളുടേയും പല്ലിന്റെ സ്ഥിതിവിശേഷം കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക്‌ മനസ്സിലായി.

സ്നേഹാധിക്യം കാരണം അമ്മൂമ്മ, അച്ഛാച്ചന്‍ ഗ്യങ്ങുകളാണ്‌ പ്രധാനമായും ഈ ചോക്ക്‌ ലേറ്റ്‌ വഴിപാട്‌ കുട്ടികള്‍ക്ക്‌ സ്ഥിരമായി സമര്‍പ്പിക്കാറ്‌.

കഴിഞ്ഞ ആഴ്ച മോള്‍ക്ക്‌ അവളുടെ മുത്തച്ഛന്‍ വച്ചു നീട്ടിയ 3 വലിയ ചോക്ക്‌ ലേറ്റ്‌ കണ്ട്‌ ഭാര്യയുടെ പരിഭവം.

'അച്ഛന്‍ ഇങ്ങനെ ധാരാളം ചോക്ക്‌ ലേറ്റ്‌ കൊടുത്താല്‍ പല്ല് ചീത്തയായിപ്പോകും ട്ടോ...'

ഇതുകേട്ട്‌ അച്ഛന്‍ 'അതിന്‌ അവളുടെ പല്ലിന്‌ ഇതുവരെ ഒരു കുഴപ്പവും പറ്റിയിട്ടില്ലല്ലോ.... പിന്നെന്താ????'

'അവളുടെ പല്ലല്ലാ... അവളുടെ അച്ഛന്റെ പല്ല്...'

മോളെ വശീകരിച്ച്‌ പിടിച്ച്‌ ചോക്ക്‌ ലേറ്റിന്റെ ഷെയര്‍ പറ്റാന്‍ സൈഡ്‌ ഒതുങ്ങി നിന്ന ഞാന്‍ അവിടെ കേട്ട കൂട്ടച്ചിരി കേള്‍ക്കാത്ത പോലെ പതുക്കെ പുറത്തേക്കിറങ്ങി.

Labels:

കര്‍ത്താവ്‌

ചില പ്രത്യേക മാസങ്ങളില്‍ (ക്രിസ്തുമസ്സിനോടോ ഈസ്റ്ററിനോടോ അടുപ്പിച്ചാണെന്ന് തോന്നുന്നു) ക്രിസ്ത്യാനികള്‍ എല്ലാ വെള്ളിയാഴ്ചയും റോഡിലൂടെ ബൈബിള്‍ വായനയും പ്രാര്‍ത്ഥനയുമായി മെഴുകുതിരിയും പിടിച്ച്‌ വരിവരിയായി പോകുന്ന ഒരു പരിപാടിയുണ്ട്‌. അങ്ങനെ പോകുമ്പോള്‍ ഇടയ്ക്കിടയ്ക്ക്‌ നടത്തം നിര്‍ത്തി മുട്ടുകുത്തി പ്രാര്‍ത്ഥനയും ഇതിന്റെ ഭാഗമാണ്‌. (യേശുക്രിസ്തുവിനെ ക്രൂശിലേറ്റാന്‍ പോകുമ്പോളുള്ള കാര്യങ്ങളാണെന്ന് തോന്നുന്നു...)

ഞങ്ങളുടെ വീടിന്റെ ചുറ്റുവട്ടത്ത്‌ കുറേ വീട്ടുകാര്‍ 'കര്‍ത്താ' വിഭാഗത്തില്‍ പെട്ടവരുണ്ട്‌. (ഉദാഹരണത്തിന്‌ വിജയന്‍ കര്‍ത്താ, രമുണ്ണി കര്‍ത്താ... തുടങ്ങിയവര്‍). ഞങ്ങളുടെ ഒരു സുഹൃത്ത്‌ ലാലുവും ഈ വിഭാഗം തന്നെ.

ഒരിക്കല്‍ , ഈ പ്രാര്‍ത്ഥനാ ജാഥ നടക്കുമ്പോള്‍ റോഡിന്റെ ഓരം ചേന്ന് ഞങ്ങള്‍ കുറച്ച്‌ പേര്‍ ലാലുവുമൊന്നിച്ച്‌ നടന്ന് പോകുകയായിരുന്നു.

'കര്‍ത്താവേ... ഞങ്ങളോട്‌ പൊറുക്കേണമേ... ഞങ്ങളുടെ....' എന്ന് തുടങ്ങിയ മുട്ടുകുത്തി പ്രാര്‍ത്ഥന നടന്നുകൊണ്ടിരിയ്ക്കുന്നു.

സൈഡില്‍ കൂടി പോകുന്ന ലാലുവിന്റെ കമന്റ്‌...

'കര്‍ത്താവ്‌ ഇവരുടെ അരികില്‍ കൂടെ പോകുന്നത്‌ ഇവരറിയുന്നില്ലല്ലോ കര്‍ത്താവേ....'

Labels: