മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Monday, May 07, 2007

വിവാഹാലോചന

3 മാസത്തെ ജപ്പാനിലെ പ്രൊജക്റ്റ്‌ കഴിഞ്ഞ്‌ തിരിച്ചെത്തിയ എന്റെ ഒരു സുഹൃത്തുമായി നടന്ന ഒരു ചെറിയ കുശലാന്വേക്ഷണം...

ജപ്പാന്‍ വിശേഷങ്ങളൊക്കെ കഴിഞ്ഞ്‌ ഞാന്‍ മറ്റ്‌ വിഷയങ്ങളിലേക്ക്‌ കടന്നു..

"എന്തായി??? കല്ല്യാണാലോചനകളൊക്കെ നടക്കുന്നുണ്ടോ?" ഞാന്‍ ചോദിച്ചു.

"പിന്നില്ലാതെ.... ആലോചനയ്ക്കൊന്നും ഒരു കുറവും ഇല്ല... പക്ഷെ, നമ്മള്‍ വിചാരിച്ച പോലൊന്നുമല്ല കാര്യങ്ങള്‍..." അവന്‍ പറഞ്ഞു.

"അതെന്തുപറ്റീ ???..."

"പല മാര്യേജ്‌ സൈറ്റുകളിലും രെജിസ്റ്റര്‍ ചെയ്തിരുന്നു. ആദ്യം ഒരു കേസ്‌ വന്നു. ഞാനതു നിഷ്കരുണം തള്ളിക്കളഞ്ഞു... നമ്മള്‍ ജപ്പാനിലൊക്കെ പോയി പ്രൊജക്റ്റ്‌ ചെയ്ത വല്ല്യ പുള്ളിയല്ലേ... ഇതൊക്കെ ചീള്‌ കേസ്‌ എന്നതായിരുന്നു അപ്പോഴത്തെ ഒരു മനോവിചാരം..."

"എന്നിട്ട്‌... ഇപ്പോ എന്ത്‌ സംഭവിച്ചു, അത്‌ പറ"

"അതിനുശേഷം ഉണ്ടായ നാല്‌ പ്രൊപ്പോസല്‍സിലും പെണ്‍കുട്ടികളുടെ ഭാഗത്ത്‌ നിന്ന് എന്നെ തള്ളിക്കളഞ്ഞു.... അപ്പോഴല്ലേ നമ്മുടെ ആ റേഞ്ച്‌ മനസ്സിലായത്‌..." വിഷമത്തോടുകൂടിയുള്ള സുഹൃത്തിന്റെ കമന്റ്‌...

"സാരമില്ലെന്നേ... ഇനി അവനവനെക്കുറിച്ച്‌ നല്ല ബോധത്തോടെ വീണ്ടും ശ്രമിച്ചാല്‍ മതി..." എന്റെ വക സമാശ്വാസശ്രമം.

"വല്ല്യ ബുദ്ധിമുട്ടാണെന്നേ... ഈ ജാതകം കൂടി നോക്കുമ്പോള്‍ കാര്യങ്ങള്‍ എല്ലാം ഒത്ത്‌ വരാന്‍ വല്ല്യ വിഷമം.."

"എന്നാപ്പിന്നെ ജാതകം വേണ്ടെന്ന് വയ്ക്കണം.." ഞാന്‍ ഉപദേശിച്ചു.

"ഹേയ്‌ ജാതകം നോക്കാതെ ഒന്നും ശരിയാവില്ലെന്നാ എന്റെ ഒരു കസിന്‍ ബ്രദര്‍ പറയുന്നേ... പുള്ളി പറഞ്ഞത്‌ അങ്ങേരുടെ മൂന്ന് കല്ല്യാണത്തിനും ജാതകം ശരിയ്ക്ക്‌ നോക്കി അത്രേ..."

"എന്ത്‌... മൂന്ന് കല്ല്യാണത്തിനും എന്ന് വച്ചാല്‍??"

"അതേ.. മൂന്നാമത്തെ തന്നെ...ഈയടുത്താണ്‌ പുള്ളി മൂന്നാമത്തെ കല്ല്യാണം കഴിച്ചത്‌.. മുന്‍പത്തെ രണ്ടും ഡൈവോര്‍സ്‌ ആയി.."

Labels: