മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Wednesday, November 15, 2006

ഒരു ലഡുക്കഷണം

ചില ആളുകളെ കണ്ടിട്ടുണ്ട്‌.... എല്ലാത്തിനോടും ഒരു അവമതിപ്പ്‌ ആയിരിക്കും നോട്ടത്തിലും പ്രവൃത്തിയിലും.... ആര്‌ എന്ത്‌ ചെയ്താലും അതില്‍ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യുക എന്നതാണ്‌ അവരുടെ പൊതുവായ വിനോദം. ശരീരത്തിലെ ഏതെങ്കിലും രാസഗ്രന്ധികളുടെ പ്രവര്‍ത്തനക്ഷമതയുടെ കുറവോ അതോ അധികപ്രവര്‍ത്തനമോ ആവാം ഇതിന്‌ കാരണം. കാരണം എന്തുമാകട്ടെ ഇത്തരം ആളുകളെ മാനേജ്‌ ചെയ്യുക എന്ന് വച്ചാല്‍ അല്‍പം കഠിനം തന്നെയാണ്‌.

എങ്കിലും ചിലര്‍ ഇത്തരം സന്ദര്‍ഭങ്ങളെ വളരെ ലളിതമായി അതിജീവിക്കാറുണ്ട്‌.

രംഗം ഒരു ലോക്കള്‍ ട്രെയിന്‍....

ഞങ്ങള്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ തിരിച്ചുപോകുന്നു. പതിവുപോലെ എല്ലാവരും ഒരേ ബോഗിയില്‍ ഒരു ഭാഗത്ത്‌ ഇരുന്ന് ചര്‍ച്ചയും ബഹളവും ആരംഭിച്ചു. ഒരു അപരിചിതന്‍ മാത്രം ആ സീറ്റിന്റെ അറ്റത്ത്‌ ജനാലയ്ക്കരികില്‍ ഇരിപ്പുണ്ട്‌. ട്രെയിനില്‍ അത്ര തിരക്കില്ലാത്തതിനാല്‍ ഇരിക്കാന്‍ സീറ്റ്‌ ഇഷ്ടം പോലെ.

ഈ ബഹളത്തിനിടയില്‍ ഈ പുതുമുഖത്തെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്ന് വിചാരിച്ച്‌ കൂട്ടത്തില്‍ ഒരാള്‍ മാന്യമായി പറഞ്ഞു..

'ചേട്ടാ... ഈ ബഹളവും വര്‍ത്തമാനങ്ങളും സഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഒന്ന് അപ്പുറത്തേക്ക്‌ കടന്നിരുന്നോളൂ...'

'ഇല്ല... വേണ്ട... ഞാനിവിടിരുന്നോളാം...' അതൃപ്തിയോടെയുള്ള മുഖം ചുളിച്ചുള്ള മറുപടി.

'ഓ... എന്നാല്‍ ശരി..' എന്ന് പറഞ്ഞ്‌ ഞങ്ങള്‍ കാര്യപരിപാടികളിലേക്ക്‌ കടന്നു.

അന്ന് കൂട്ടത്തിലുള്ള ഒരാളുടെ പിറന്നാള്‍ ആയതിനാല്‍ ലഡു വിതരണമായിരുന്നു മുഖ്യ ഐറ്റം...വിതരണത്തിനിടയില്‍ ഈ അപരിചിതനുനേരെയും ഒരു ലഡു നീട്ടി.

പ്രതീക്ഷിച്ചതുപോലെ 'ഇല്ല, വേണ്ട..' മറുപടിയും മുഖഭാവവും.

('ഇതെന്താ ഈ ചേട്ടന്‌ ഈ രണ്ട്‌ വാക്കുകളും ഈ ഒരു മുഖഭാവവുമേ ഉള്ളോ..' എന്ന് ചോദിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ആ അസാമാന്യ ദേഹത്തിന്റെ വലുപ്പവും ഭാവവും മൂലം ആരും ഒന്നും ചോദിച്ചില്ല. 'ഇങ്ങേരെ ഇയാളുടെ ഭാര്യ എങ്ങനെ സഹിക്കുന്നു ആവോ..' എന്ന് മാത്രം ഞങ്ങള്‍ പിറുപിറുത്തു.)

ഇയാളുടെ അടുത്തിരിക്കുന്ന ആള്‍ ലഡു കഴിക്കുമ്പോള്‍ ഒരു കഷണം അടര്‍ന്ന് താഴെ വീണു. ('അടര്‍ന്ന് താഴെ വീണു' എന്ന് പറയാന്‍ മാത്രം ഇത്‌ അത്ര വല്ല്യ മലയോ മതിലോ ഒന്നുമല്ല... എന്നാലും ഒരു ഗമയ്ക്ക്‌ പറഞ്ഞെന്നേയുള്ളൂ) ഈ അടര്‍ന്ന് വീണ കഷണം ഈ അപരിചിതന്റെ കാലില്‍ പതിച്ചു. (ദേ പിന്നേം... 'പതിച്ചു' എന്നൊക്കെ പറഞ്ഞാല്‍ ഒരു ആയിരം അടി ഉയരത്തില്‍ നിന്ന് താഴെക്ക്‌ പതിച്ചു എന്നൊക്കെ പറയുന്നപോലെയുണ്ടല്ലോ എന്ന് തോന്നാം... അതും ഒരു ആര്‍ഭാടത്തിന്‌ പറഞ്ഞെന്നേയുള്ളൂ)

കാലില്‍ ലഡുക്കഷണം വീണ ഉടന്‍ ആ ചേട്ടന്റെ ദേഷ്യത്തോടെയുള്ള റിയാക്ഷന്‍...

'ഛേ... എന്തായിത്‌??'

ഉടന്‍ ഉത്തരവാദിയായവന്റെ മറുപടി...

' സോറി ചേട്ടാ... എന്തുപറ്റി???? കാല്‌ വേദനിച്ചോ???'

എന്ത്‌ പറയണം എന്ത്‌ ചെയ്യണം എന്നറിയാത്ത അങ്കലാപ്പ്‌ അയാളുടെ മുഖത്ത്‌ പ്രതിഫലിച്ചു. എന്നിട്ട്‌ മുഖം തിരിഞ്ഞ്‌ ജനാലിലൂടെ പുറത്തേക്ക്‌ നോക്കി ഇരുന്നു.

അതോടെ ശല്ല്യം തീര്‍ന്നു... ഞങ്ങളുടെയല്ല, അയാളുടെ... :-)

Sunday, November 05, 2006

റിയാക്‌ ഷന്‍

എക്കാലത്തും വിദ്യാര്‍ത്ഥികളും ബസ്സുകാരും തമ്മില്‍ വല്ല്യ ലോഹ്യമാണല്ലോ.... ഈ ലോഹ്യങ്ങളില്‍ പെട്ട ഒരു ചെറിയ സംഭവം...

നമ്മള്‍ ഇങ്ങനെ സ്റ്റോപ്പില്‍ ബസ്സ്‌ വരുന്നതും നോക്കി നില്‍പ്പ്പാണ്‌... ബസ്സ്‌ വരുന്നു... നിര്‍ത്താതെ പോകുന്നു.... അടുത്ത ബസ്സ്‌ വരുന്നു, കുറേ മുന്‍പേ നിര്‍ത്തി ആളെ ഇറക്കിയിട്ട്‌ നമ്മള്‍ ഓടിചെല്ലുമ്പോഴെക്ക്‌ സ്ഥലം വിടുന്നു.... മറ്റൊരു ബസ്സ്‌ വന്നിട്ട്‌ നിര്‍ത്തുന്ന പോലെ കാണിച്ചിട്ട്‌ ഒരോറ്റ പോക്ക്‌, എന്നിട്ട്‌ കുറേ പോയിട്ട്‌ നിര്‍ത്തി ആളെ ഇറക്കി പാഞ്ഞു പോകുന്നു...

ഇതെന്താ, ഇങ്ങനെ പൊട്ടന്‍ കളിപ്പിക്കാന്‍ മാത്രം സ്കൂള്‍ പിള്ളേരൊന്നുമല്ലല്ലോ നമ്മള്‍.... കോളെജ്‌ കുമാരന്മാരല്ലെ....

ആകെ കഷ്ടി പ്രാണന്‍ നിലനിര്‍ത്താന്‍ മാത്രമേ ഉള്ളൂവെങ്കിലും ഉള്ള ചോര അങ്ങ്‌ തിളച്ചു... ഈ ചോര തിളച്ചാല്‍ ബോധം പോകുന്ന ഒരു പ്രക്രിയ അവിടെ ആരംഭിച്ചു (ബോധം ഉള്ളവര്‍ക്കെ കുഴപ്പമുള്ളൂ... ഇല്ലാത്തവര്‍ നേരെ അടുത്ത സ്റ്റെപ്പിലേക്ക്‌ കടക്കുന്നു എന്ന് മാത്രം)

അടുത്ത്‌ സ്റ്റെപ്പ്‌ എന്നുപറഞ്ഞാല്‍ റിയാക്‌ ഷന്‍ ആണല്ലോ....

അതാ ഒരു ബസ്സ്‌ വന്ന് നിര്‍ത്താതെ പോകുന്നു....

കൂടെയുള്ളവന്റെ റിയാക്‌ ഷന്‍ വളരെ പെട്ടെന്നായിരുന്നു. കല്ലെടുത്ത്‌ ഒരൊറ്റ ഏറ്‌....

'ക്ലിം.....' ബസ്സിന്റെ പിന്നിലെ ഗ്ലാസ്സ്‌ ഒന്ന് ഞളുങ്ങി. (അല്ല, ഗ്ലാസ്സ്‌ ഞളുങ്ങിയാല്‍ പൊട്ടുന്നത്‌ നമ്മുടെ കുറ്റമല്ലല്ലോ..)

ബസ്സ്‌ നിര്‍ത്തി....

'ആ.... അപ്പൊ പേടിയുണ്ടല്ലെ...' എന്ന് പറഞ്ഞ്‌ ഓടിച്ചെന്ന് ബസ്സില്‍ കയറി...

'ഭാഗ്യം, ആരും തല്ലിനും തെറിവിളിക്കും വരുന്നില്ല... നമ്മളെ പേടിയായിരിക്കും...' എന്നൊക്കെ മനസ്സില്‍ വിചാരിച്ച്‌ നില്‍ക്കുമ്പോള്‍ അതാ ബസ്സ്‌ വഴി മാറി പോകുന്നു.

അപ്പോഴെക്ക്‌ നേരത്തെ ചോരതിളച്ച റിയാക്‌ ഷനില്‍ നഷ്ടപ്പെട്ട ബോധം തിരിച്ചു വന്നതിനാല്‍ കാര്യം മനസ്സിലായി.... പോക്ക്‌ പോലീസ്‌ സ്റ്റേഷനിലേക്കാണെന്ന്....

മറ്റവന്‌ നഷ്ടപ്പെടാനില്ലാതിരുന്നതിനാല്‍ ബോധം തിരിച്ചുവരാനില്ലല്ലോ... അതുകൊണ്ട്‌ അവന്‍ ഗജകേസരീമോന്തായനായി റിലാക്സ്‌ ഡ്‌ ആയി നില്‍ക്കുന്നു.

അവനെ പറഞ്ഞ്‌ ബോധിപ്പിച്ചപ്പോഴെക്ക്‌ ബസ്സ്‌ അങ്ങ്‌ പോലീസ്‌ സ്റ്റേഷനില്‍ എത്തി.

(മാനസിക മന്താക്രാന്തയും പരാക്രമ വിഭ്രാന്ത വിസ്മയങ്ങളും വര്‍ണ്ണിക്കാനാവില്ല. കാര്‍ന്നോന്മാരുടെ ഭാഗ്യത്തിന്‌ നാട്ടുകാരനായ ഒരാളാണ്‌ അവിടെ സ്റ്റേഷനില്‍ ഉണ്ടായിരുന്നത്‌. കാര്യകാരണങ്ങളും തെറ്റുകുറ്റങ്ങളും കുമ്പസാരിപ്പിച്ച്‌ ഒടുവില്‍ ഇനിമുതല്‍ പിള്ളേരെ ബസ്‌ സ്റ്റോപ്പില്‍ നിര്‍ത്തി കയറ്റാം എന്ന ഉറപ്പും പൊട്ടിയ ഗ്ലാസ്സിന്റെ പകുതി കാശ്‌ കൊടുക്കാം എന്ന ഉറപ്പും പരസ്പരം നല്‍കി സംഗതി അവസാനിപ്പിച്ചു)

Thursday, November 02, 2006

മുഴുമിപ്പിക്കാത്ത സംഭവം

സുഹൃത്തുക്കളെപ്പറ്റി ഇങ്ങനെ പരദൂഷണം പറയാമോ ആവോ? ആ... എന്തായാലും സുഹൃത്തുക്കളല്ലെ... സഹിച്ചോളും.... മാത്രമല്ല, ഈ ബ്ലോഗ്‌ വായിക്കാന്‍ യാതൊരു സാഹചര്യവുമില്ലാത്ത സുഹൃത്തുക്കളെപ്പറ്റിയാവുമ്പോള്‍ ധൈര്യമായി പറയാം....

സുധാകരന്‍ എന്നു പേരുള്ള ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത്‌ (സുധ എന്നാണ്‌ എല്ലാവരും വിളിക്കാറ്‌).... പോസ്റ്റ്‌ ഗ്രാജുവേഷന്‍ എടുക്കാവുന്ന കാലത്തോളം പഠിച്ചു എങ്കിലും എട്ടാം ക്ലാസ്സ്‌ വരെയേ എത്തിയുള്ളൂ... പിന്നെ പുള്ളി അതങ്ങ്‌ നിര്‍ത്തി വെല്‍ഡിംഗ്‌ മുതലായ മറ്റ്‌ തൊഴില്‍ മേഖലയിലേക്ക്‌ മാറി.

ഞങ്ങള്‍ നാലഞ്ച്‌ സുഹൃത്തുക്കള്‍ ഇരുന്ന് പുളുവടിക്കുന്ന ഒരു പതിവ്‌ സായാഹ്നം....

സുധ ഒരു തമാശ വിവരിക്കാന്‍ തയ്യാറെടുക്കുന്നു.

'എടാ... ഞാന്‍ ഒരു ഡോക്ടര്‍ ആണെന്ന് വിചാരിക്ക്‌...'

ഉടനെ ഞങ്ങളുടെ മറ്റൊരു സുഹൃത്തായ ബാബു ഇടപെട്ടു..

'ഹേയ്‌... അത്‌ പറ്റില്ല... അങ്ങനെ വിചാരിക്കാന്‍ പറ്റില്ല...'

'അല്ലെടാ.. ഒരു കാര്യം വിവരിക്കാനാണ്‌... നീ വെറുതെ സങ്കല്‍പിക്ക്‌...' സുധയുടെ അഭ്യര്‍ത്ഥന വീണ്ടും...

'ഹേയ്‌ പറ്റില്ല... അതുമാത്രം പറ്റില്ല... നിന്നെ ഒരു ഡോക്ടറായി സങ്കല്‍പിക്കാന്‍ പോലും പറ്റില്ല.... നീ വേറെ വല്ലതും പറയ്‌...' ബാബുവിന്റെ ചിരിച്ചുകൊണ്ടുള്ള ഉറച്ച തീരുമാനം.

'ഇതെന്തൊരു കഷ്ടമാ... എന്നാ വേണ്ടാ... ഞാന്‍ പറയുന്നില്ല...' സുധ സംഭവം മുഴുമിപ്പിക്കാതെ അവിടെ നിര്‍ത്തി.