മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Monday, September 24, 2007

വൈക്ലബ്യത്തിലാക്കുന്ന സംശയങ്ങള്‍

കുട്ടികളുടെ സംശയങ്ങള്‍ക്ക്‌ പലപ്പോഴും ഉത്തരം മുട്ടിപ്പോകുന്ന അച്ഛനമ്മമാരുണ്ട്‌.

എന്റെ അനുജത്തി അവളുടെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനെ പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരിടേണ്ടിവന്ന ഒന്ന് രണ്ടെണ്ണം..

രാഷ്ട്രപിതാവ്‌ ഗാന്ധിജിയാണെന്ന് പറഞ്ഞ്‌ കൊടുക്കുന്നതിനിടയില്‍ അവന്‍ ചോദിച്ച ചോദ്യം...

"അപ്പോ രാഷ്ട്രമാതാവാരാ??"

"രാഷ്ട്രമാതാവൊന്നുമില്ല.. നീ ഈ പറയുന്നത്‌ പഠിയ്ക്ക്‌.."

"അപ്പോ ഗാന്ധിജി കല്ല്യാണം കഴിച്ചിട്ടില്ലേ..???"

പഠിപ്പിക്കല്‍ തുടര്‍ന്നു...

"----- ലൂടെ നടക്കണം..."

"റോഡിലൂടെ നടക്കണം.." ഉത്തരം വന്നു.

"എടാ.. റോഡിലൂടെ നടന്നാല്‍ വണ്ടി ഇടിയ്ക്കില്ലേ.... ഫുഡ്‌ പാത്തിലൂടെ നടക്കണം എന്നാണ്‌..."

"അവിടെ നിറയെ പുല്ലല്ലേ... പാമ്പ്‌ കടിയ്ക്കില്ലേ???" ന്യായമായ ചോദ്യം...

Monday, September 10, 2007

അനൗണ്‍സ്‌ മെന്റും തിരുത്തും

ഇത്തവണത്തെ കമ്പനി ഓണാഘോഷത്തിന്‌ കലാപരിപാടികള്‍ക്ക്‌ മുന്നോടിയായി അനൗണ്‍സ്‌ മെന്റ്‌ ചെയ്യാന്‍ ആരും സജീവമായി മുന്നോട്ടുവരാത്തതിനാല്‍ അല്‍പം അവതാരകന്റെ റോള്‍ എനിയ്ക്കും നിര്‍വ്വഹിക്കേണ്ടിവന്നു.

പ്രാര്‍ത്ഥനയ്ക്ക്‌ ശേഷം അടുത്ത പരിപാടി തിരുവാതിരക്കളിയാണെന്നും അതിന്‌ മുന്നോടിയായി അല്‍പം ഡയലോഗ്‌ കാച്ചണമെന്നും പറഞ്ഞ്‌ എന്റെ സുഹൃത്ത്‌ മൈക്ക്‌ എന്റെ കായ്യിലേല്‍പ്പിച്ചു.

അങ്ങനെ കയ്യില്‍ കിട്ടിയ മൈക്കിനെ നോക്കി ഞാനങ്ങ്‌ കാച്ചി...

"കേരളത്തിന്റെ ഐശ്വര്യത്തിന്റെ പ്രതീകമായ, ഓണക്കാലത്തിന്റെ മനോഹാരിത പ്രകടമാക്കുന്ന ഒരു കലാരൂപമാണ്‌ അടുത്തത്‌... നമ്മുടെ കമ്പനിയിലെ സുന്ദരിമാരായ സഹപ്രവര്‍ത്തകരുടെ ഒരു പ്രദര്‍ശനം..."

ഡയലോഗ്‌ കേട്ട്‌ മറ്റുള്ളവര്‍ ഞെട്ടിയോ എന്നറിയില്ല.. ഞാന്‍ ചെറുതായൊന്ന് ഞെട്ടി... ഡയലോഗ്‌ ഇത്ര ഭീകരമാകുമെന്ന് ഞാന്‍ പോലും കരുതിയില്ല...

അനൗണ്‍സ്‌ മെന്റ്‌ കഴിഞ്ഞതും സെറ്റുമുണ്ടും മറ്റ്‌ വേഷവിധാനവുമായി ഒരു കൂട്ടം പെണ്‍കുട്ടികള്‍ സ്റ്റേജില്‍ വന്ന് സ്ലോമോഷനിലുള്ള ഈ കലാപരിപാടി (തിരുവാതിരക്കളി) തുടങ്ങി.

സ്റ്റേജിലുള്ളവരെ അല്‍പനേരം നോക്കിയ ശേഷം എന്റെ സുഹൃത്ത്‌ എന്നോട്‌ ഒരു ഉപദേശം..

"ആ അനൗണ്‍സ്‌ മെന്റില്‍ രണ്ട്‌ തിരുത്തുണ്ട്‌ എന്ന് പറയണം....'സുന്ദരിമാരായ' എന്ന പദം പിന്‍ വലിക്കണം.. പിന്നെ, 'പ്രദര്‍ശനം ഉണ്ടായിരിക്കുന്നതല്ല' എന്നും പറയണം"